അവസാന 20 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും കൗമാര താരം എന്‍ഡ്രിക് രക്ഷകനായെത്തിയതോടെ മെക്സിക്കോയ്ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍. സൗഹൃദ മത്സരത്തില്‍ മെക്സിക്കോയുടെ സമനില പൂട്ട് പൊട്ടിച്ച് ഇഞ്ചുറി ടൈമിലെ ഗോളുമായി വിജയിച്ചു കയറിയാണ് കോപ്പ അമേരിക്കയില്‍ പോര് കടുക്കും എന്ന് മുന്നറിയിപ്പ് ബ്രസീല്‍ എതിരാളികള്‍ക്ക് നല്‍കുന്നത്. ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റില്‍ വലകുലുക്കി എന്‍ഡ്രിക് മാച്ച് വിന്നറായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ബ്രസീലിന്റെ ജയം.
ഇഞ്ചുറി ടൈമിലായിരുന്നു ഗില്ലെര്‍മോ മാര്‍ട്ടിനസ് അയാലയിലൂടെ മെക്സിക്കോ സമനില പിടിച്ചത്. കോര്‍ണറില്‍ നിന്ന് ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുള്ള മെക്സിക്കോയുടെ ശ്രമം ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കര്‍ തടഞ്ഞു. എന്നാല്‍ റീബൗണ്ട് പിടിച്ചെടുത്ത് ഇടംകാലുകൊണ്ട് അയാല പന്ത് വലയിലാക്കി. ഇതോടെ ബ്രസീല്‍ സമനില പൂട്ടില്‍ കുരുങ്ങിയെന്ന് തോന്നല്‍ വന്നു. എന്നാല്‍ ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടി എന്‍ഡ്രിക് വിജയ വഴിയിലേക്ക് ബ്രസീലിനെ എത്തിച്ചു.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്രസീല്‍ വലകുലുക്കി. 5ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് പെരേരയിലൂടെയാണ് മെക്സിക്കോയെ സമ്മര്‍ദത്തിലാക്കി ബ്രസീല്‍ ഗോള്‍ നേടിയത്. സാവിയോയുടെ പാസില്‍ നിന്നായിരുന്നു ആന്‍ഡ്രിയാസിന്റെ തകര്‍പ്പന്‍ ഗോള്‍. അറ്റാക്കിങ് തേര്‍ഡിലേക്ക് പന്ത് എത്തിക്കുന്നതില്‍ ബ്രസീല്‍ താരങ്ങള്‍ പ്രയാസപ്പെട്ടെങ്കിലും 52ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് 2-0 ആയി ഉയര്‍ത്തി.
ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി മെക്സിക്കോ ഗോള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ 62ാം മിനിറ്റില്‍ മൂന്ന് മാറ്റങ്ങളാണ് ബ്രസീല്‍ വരുത്തിയത്. ബ്രസീല്‍ സെന്‍സേഷന്‍ എന്‍ഡ്രിക്, പക്വെറ്റ എന്നിവരെ കളത്തിലേക്ക് ഇറക്കി. 73ാം മിനിറ്റില്‍ നിലംപറ്റിയെത്തിയ ക്രോസില്‍ കാല്‍ വെച്ച് പന്ത് വലയിലാക്കി ജൂലിയന്‍ ക്വിനോന്‍സ് ആണ് മെക്സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.
78ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ ബ്രസീലിനായി ഗോള്‍ അവസരം സൃഷ്ടിച്ചു. ബോക്സിനുള്ളില്‍ നിന്നുള്ള വിനിഷ്യസിന്റെ വലംകാല്‍ ഷോട്ട് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗോണ്‍സാലെസ് തടഞ്ഞു. 90ാം മിനിറ്റില്‍ മെക്സിക്കന്‍ പ്രതിരോധനിരയെ കുഴക്കി വേഗത്തില്‍ വിനിഷ്യസ് എത്തിയെങ്കിലും അവസാന മിനിറ്റിലെ ടാക്കിളിലൂടെ മെക്സിക്കോ അപകടം ഒഴിവാക്കി.