വിവാദഗോളില്‍ ഖത്തറിനോട് തോറ്റ് ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്. ഖത്തറിനെ വിറപ്പിച്ച്, ആദ്യപകുതിയില്‍ മുന്നിട്ട് നിന്ന ഇന്ത്യ, 2–1 നാണ് പരാജയപ്പെട്ടത്. പന്ത് പുറത്തായതിന് ശേഷം അനുവദിച്ച ഗോളിനെതിരെ ഇന്ത്യ ചീഫ് റഫറിയിങ് ഓഫിസര്‍ക്ക് പരാതി നല്‍കും.
പിച്ചിന് പുറത്തുപോയ പന്ത് തിരിച്ചെടുത്ത് യൂസഫ് അയ്മെന്‍ നേടിയ ഗോള്‍ ഇന്ത്യയുടെ വിധിയെഴുതി. പന്ത് ടച്ച്‍ലൈന്‍ കടന്നെന്ന് ഇന്ത്യന്‍ താരങ്ങള്‍ വാദിച്ചെങ്കിലും പുനപരിശോധനയ്ക്കുള്ള വിഎആര്‍ ഇല്ലാത്തതിനാല്‍ റഫറിയുടെ തീരുമാനം അന്തിമമായി. 73ാം മിനിറ്റില്‍ ഖത്തര്‍ നേടിയ സമനില ഗോള്‍ ഇന്ത്യന്‍ താരങ്ങളെ തകര്‍ത്തുകളഞ്ഞു.
12 മിനിറ്റിനകം അഹമെദ് അല്‍ റാവിയുടെ ഗോളില്‍ ഖത്തര്‍ മുന്നിലെത്തി. ലോകറാങ്കിങ്ങില്‍ 36ാം സ്ഥാനത്തുള്ള ഖത്തറിനെ ആദ്യപകുതിയില്‍ ഇന്ത്യ വിറപ്പിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 37ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്തെയുടെ ഗോളില്‍ ഇന്ത്യ മുന്നില്‍. മല്‍സരശേഷം റഫറിയുമായി കലഹിച്ച സഹല്‍ അബ്ദുല്‍ സമദിന് മഞ്ഞകാര്‍ഡ് ലഭിച്ചു. തോല്‍വിയോടെ ഇന്ത്യ മൂന്നാം സ്ഥാനത്തായി. ഖത്തറും കുവൈത്തുമാണ് ഗ്രൂപ്പില്‍ നിന്ന് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.