യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ സ്കോട്ലന്ഡിനെ 5-1ന് തകർത്ത് ജർമനി. യൂറോയിൽ ആദ്യ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമായ 21കാരൻ ഫ്ലോറിയൻ റിറ്റ്സാണ് ജർമനിയിടെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. യുവതാരം ജമാൽ മുസിയാല മത്സരത്തിലെ താരമായി.
ജർമനിയുടെ തീക്കളിയിൽ സ്കോട്ടിഷ് പ്രതിരോധം പിടിച്ചുനിന്നത് വെറും 10 മിനിറ്റ്. ജൂലിയൻ നെഗൽസ്മാൻ എട്ടുമാസംകൊണ്ട് ഒരുക്കിയെടുത്ത യുവജർമനിയുടെ മുഴുവൻ കരുത്തും കണ്ട യൂറോപ്യൻ പോരാട്ടം. ജർമനിയുടെ മിന്നൽ നീക്കങ്ങളിൽ പതറിയ സ്കോട്ടിഷ് പ്രതിരോധം ഒടുക്കം പെനൽറ്റിയും വഴങ്ങി. ചുവപ്പുകാർഡ് കണ്ട പോർട്ടിയസ്, സ്കോട്ലൻഡിനെ 10 പേരിലേക്ക് ചുരുക്കി
രണ്ടാം പകുതിയിൽ മുഴുവൻ താരങ്ങളെയും പ്രതിരോധത്തിലേക്കു ഇറക്കി സ്കോട്ലന്ഡ്. പകരക്കാരനായിറങ്ങി 5 മിനിറ്റിനകം നിക്ക്ലാസ് ഫുൾകുർഗിന്റെ വക 110 കിലോ മീറ്റർ വേഗതയിലുള്ള ഷോട്ട് ജർമനിയുടെ ലീഡ് ഉയർത്തി.
മൽസരം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കേ അന്റോണിയോ റൂഡിഗറുടെ സെൽഫ് ഗോൾ സ്കോട്ലന്റിന്റെ ആരാധകർക്ക് ആഘോഷിക്കാൻ വകനൽകി. എന്നാൽ എമറി ചാൻ അഞ്ചാം ഗോൾ നേടിയതോടെ യൂറോ കപ്പിലെ വമ്പൻ ജയവുമായി ജർമനിയുടെ തുടക്കം.