turkey-save

TOPICS COVERED

ഒന്നിനെതിരെ രണ്ട് ഗോളിന് ഓസ്ട്രിയയെ വീഴ്ത്തിയാണ് തുര്‍ക്കി യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇവിടെ സമനില പിടിക്കാന്‍ പൊരുതി കളിച്ച ഓസ്ട്രിയ 94ാം മിനിറ്റിലും മികച്ചൊരു അവസരം സൃഷ്ടിച്ചെടുത്തിരുന്നു. എന്നാല്‍ പൊരുതി കളിച്ചിട്ടും ഗോള്‍ മടക്കാന്‍ ഓസ്ട്രിയക്കായില്ല. തുര്‍ക്കി ഗോള്‍കീപ്പറുടെ 'ഗോര്‍ഡന്‍ ബാങ്ക്സ് വണ്ടര്‍ സേവ്' വന്നതോടെയാണ് ഓസ്ട്രിയ നാട്ടിലേക്ക് മടങ്ങിയത്. 

തുര്‍ക്കി യൂറോ കപ്പിന്റെ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കളിയുടെ ഒന്നാം മിനിറ്റില്‍ ഗോള്‍ നേടിയ ഡെമിരലിനേക്കാളും കയ്യടി ഗോള്‍ കീപ്പര്‍ മെര്‍ട്ട് ഗുണോക്കിനാണ്. നാല് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചപ്പോള്‍ 94ാം മിനിറ്റില്‍ അലക്സാണ്ടര്‍ പ്രാസില്‍ നിന്ന് വന്ന ക്രോസില്‍ തല വെച്ച്് പന്ത് വലയിലെത്തിക്കാനായിരുന്നു ക്രിസ്റ്റഫിന്റെ ശ്രമം. എന്നാല്‍ തുര്‍ക്കി ഗോള്‍ കീപ്പറുടെ മിന്നും സേവ് എത്തി. 

1970 ലോകകപ്പില്‍ ബ്രസീലിനായി പെലെയില്‍ നിന്ന് വന്ന ഹെഡര്‍ തടഞ്ഞ ഇംഗ്ലീഷ് ഗോള്‍കീപപ്പര്‍ ഗോര്‍ഡന്‍ ബാങ്ക്സിന്റെ സേവിനോടാണ് തുര്‍ക്കി ഗോള്‍കീപ്പറുടെ സേനും റാഗ്നിക്ക് താരതമ്യപ്പെടുത്തുന്നത്. മത്സര സമയം കമന്ററി ബോക്സില്‍ നിന്നും ബാങ്ക്സിന്റെ സേവിനോട് ഇതിനെ താരതമ്യപ്പെടുത്തല്‍ വന്നു. 54 വര്‍ഷം മുന്‍പായിരുന്നു ഇംഗ്ലീഷ് താരം ഗോര്‍ഡന്‍ ബാങ്ക്സിന്റെ ഫുള്‍ സ്ട്രെച്ചില്‍ ചാടിയുള്ള ആ അത്ഭുത സേവ് വരുന്നത്. ആ മത്സരത്തില്‍ ബ്രസീലിനോട് ഇംഗ്ലണ്ട് 1-0ന് തോറ്റിരുന്നു. 

ഓസ്ട്രിയക്കെതിരെ പ്രതിരോധനിര താരം ഡെമിറലാണ് രണ്ട് ഗോളും നേടിയത്. 66ാം മിനിറ്റിലാണ് തുര്‍ക്കിക്കെതിരെ ഓസ്ട്രിയയുടെ ഒരു ഗോള്‍ എത്തിയത്. കോര്‍ണറില്‍ നിന്ന് മൈക്കല്‍ ഗ്രിഗോറിഷ് വല കുലുക്കുകയായിരുന്നു. 2008ന് ശേഷം ആദ്യമായാണ് തുര്‍ക്കി ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്. ശനിയാഴ്ച നെതര്‍ലന്‍ഡ്സ് ആണ് ക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ എതിരാളികള്‍.

ENGLISH SUMMARY:

Austria returned home with a wonder save by Turkish goalkeeper