ഫോട്ടോ:എപി

TOPICS COVERED

യൂറോ കപ്പിലെ സ്പെയ്ന്‍–ജര്‍മനി മത്സരം വീണ്ടും നടത്തണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ ഒപ്പിട്ട നിവേദനം യുവേഫയ്ക്ക് സമര്‍പ്പിച്ചു. അധിക സമയത്ത് പകരക്കാരനായി എത്തിയ മെറിനോയുടെ ഹെഡ്ഡര്‍ ഗോളിന്റെ ബലത്തില്‍ ആതിഥേയരായ ജര്‍മനിയെ സ്പെയ്ന്‍ 2-1ന് വീഴ്ത്തിയിരുന്നു. എന്നാല്‍ മെറിനോയുടെ ഗോള്‍ വന്നതിന് ശേഷമുള്ള അധിക സമയത്തെ 23ാം മിനിറ്റില്‍ ജര്‍മന്‍ താരം മുസിയാലയുടെ ബോക്സിനുള്ളില്‍ നിന്നുള്ള ഷോട്ട് ചെല്‍സിയുടെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് കുകുറേയയുടെ ഇടത് കയ്യില്‍ തട്ടിയെന്ന് ചൂണ്ടിയാണ് മത്സരം വീണ്ടും നടത്തണം എന്ന മുറവിളി ശക്തമാവുന്നത്. 

ആന്റണി ടെയ്ലറാണ് യൂറോ കപ്പിലെ ജര്‍മനി–സ്പെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ചത്. കുകുറേയയുടെ കയ്യില്‍ പന്ത് തട്ടിയിട്ടും ജര്‍മനിക്ക് റഫറി പെനാല്‍റ്റി വിധിച്ചില്ല. ജ‌ര്‍മന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഇതോടെ Change.org വഴി മുപ്പതിനായിരത്തോളം പേരാണ് മത്സരം വീണ്ടും നടത്തണം എന്ന നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. 

സ്പെയ്നിന് അനുകൂലമായി ഇതിന് മുന്‍പും ഈ റഫറി അനുകൂല നിലപാടുകള്‍ എടുത്തിട്ടുണ്ടെന്ന വിമര്‍ശനങ്ങളും ശക്തമാണ്. മത്സരം വീണ്ടും നടത്തണം എന്നതിനൊപ്പം മത്സരം നിയന്ത്രിച്ച റഫറി ടെയ്ലര്‍ക്കെതിരെ ശിക്ഷ നല്‍കണം എന്നും ആവശ്യം ശക്തമാണ്. എന്നാല്‍ ഈ അപേക്ഷയ്ക്ക് ഫലം കാണാന്‍ സാധ്യതയില്ല. ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഫ്രാന്‍സ് ആണ് സ്പെയ്നിന്റെ എതിരാളികള്‍. 

എന്നാല്‍ കുകുറേയ മനപൂര്‍വം കൈ വെച്ച് പന്ത് തടുക്കുകയായിരുന്നില്ല എന്ന വാദങ്ങളും ശക്തമാണ്. നിശ്ചിത സമയച്ച് 1-1 എന്ന സമനില വന്നതോടെയാണ് ജര്‍മനി–സ്പെയിന്‍ പോര് അധിക സമയത്തേക്ക് നീങ്ങിയത്. 51ാം മിനിറ്റിലാണ് സ്പെയ്നിന്റെ ആദ്യ ഗോള്‍ വന്നത്. ഡാനി എല്‍മോ വല കുലുക്കി. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രമുള്ളപ്പോഴാണ് ജര്‍മനി സമനില ഗോള്‍ പിടിച്ചത്. യുവതാരം വിര്‍ട്സിലൂടെയായിരുന്നു ഇത്. 

ENGLISH SUMMARY:

A petition signed by thousands of people has been submitted to UEFA, demanding that the Spain-Germany match in the Euro Cup be replayed