AP Photo/Joan Monfort)

കുഞ്ഞ് യമാലിനെ ഫൊട്ടോഷൂട്ടിന്‍റെ ഭാഗമായി കുളിപ്പിക്കുന്ന മെസിയുടെ ചിത്രം നെഞ്ചിലേറ്റുകയാണ് ഫുട്ബോള്‍ പ്രേമികള്‍. 2007ലേതാണ് ചിത്രം. 20കാരനായ ലയണല്‍ മെസി ആറുമാസം മാത്രം അന്ന് പ്രായമുണ്ടായിരുന്ന യമാലിനെ പ്ലാസ്റ്റിക് ബേസിനില്‍ ഇരുത്തി കളിപ്പിക്കുന്നതാണ് ചിത്രം. പതിനാറുകാരനായ യമാല്‍ മാന്ത്രിക ഗോളിലൂടെ സ്പെയിനെ യൂറോ ഫൈനലില്‍ എത്തിച്ചതോടെയാണ് ചിത്രം വൈറലായത്. 

(AP Photo/Joan Monfort)

പ്രാദേശിക പത്രമായ ഡിയാരിയോ സ്പോര്‍ട്ടും യൂണിസെഫും ചേര്‍ന്നുള്ള വാര്‍ഷിക ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഫൊട്ടോഷൂട്ട്. കായിക താരങ്ങള്‍ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. യൂണിസെഫിന്‍റെ തിരഞ്ഞെടുപ്പില്‍ നറുക്ക് വീണ കുടുംബങ്ങളില്‍ യമാലിന്‍റേതും ഉള്‍പ്പെട്ടു. ജൊവാന്‍ മൊന്‍ഫോര്‍ട്ടെന്ന ഫൊട്ടോഗ്രാഫര്‍ ബാഴ്സയുടെ ഡ്രസിങ് റൂമില്‍ വച്ചാണ് ഈ കൗതുക ചിത്രം പകര്‍ത്തിയത്. 'രണ്ട് ഇതിഹാസങ്ങളുടെ തുടക്കം' എന്ന അടിക്കുറിപ്പോടെ യമാലിന്‍റെ പിതാവ് പങ്കുവച്ചതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. 'മിശിഹ മാമോദീസ മുക്കിയവന്‍ എങ്ങനെ കളിക്കളത്തില്‍ അദ്ഭുതം ചെയ്യാതെയിരിക്കുമെന്നാ'യിരുന്നു ചിത്രം പങ്കിട്ട് ആരാധകരിലൊരാള്‍ കുറിച്ചത്.

കോപ്പയില്‍ മെസിയും യൂറോയില്‍ യമാലും ഇന്ന് മിന്നും താരങ്ങളാണ്. കാനഡയ്ക്കെതിരായ മല്‍സരത്തില്‍ അര്‍ജന്‍റീനയുടെ രണ്ടാമത്തെ ഗോള്‍ മെസിയുടെ വകയായിരുന്നു. കളിയുടെ 52–ാം മിനിറ്റില്‍ പിറന്ന ഗോളോടെ രാജ്യാന്തര മല്‍സരങ്ങളില്‍ ഏറ്റവുമധികം ഗോളടിക്കുന്ന രണ്ടാമത്തെ ഫുട്ബോളറായി മെസി മാറി. കോപ്പയില്‍ മെസിയുടെ പതിനാലാം ഗോളുമായിരുന്നു ഇത്. അതേസമയം, ഫ്രാന്‍സിനെതിരായ മല്‍സരത്തില്‍ 21–ാം മിനിറ്റിലായിരുന്നു യമാലിന്‍റെ തകര്‍പ്പന്‍ ഗോള്‍. ഈ ഗോളോടെ യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്കോററുമായി. പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് യമാല്‍ സ്വന്തം പേരിലാക്കിയത്. 

ENGLISH SUMMARY:

Baptised by GOAT, fans on Lionel Messi and Yamal's photo