കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരത്തിനിടെ പരുക്കേറ്റ് അര്‍ജന്‍റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പിന്‍മാറി. കൊളംബിയയ്ക്കെതിരായ മല്‍സരത്തില്‍ ആദ്യ പകുതി കഴിഞ്ഞതിന് പിന്നാലെയാണ് വലത്തേ കാലിന് പരുക്കേറ്റാണ് മെസി മടങ്ങിയത്. നിക്കൊളാസ് ഗൊണ്‍സാലസ് പകരക്കാരനായിറങ്ങി. ഓടി മുന്നേറാന്‍ ശ്രമിക്കുന്നതിനിടെയാണ് മെസ്സി പരുക്കേറ്റ് വീണത്. ആം ബാന്‍ഡ് കൈമാറി ഡഗൗട്ടിലെത്തിയ മെസി പൊട്ടിക്കരഞ്ഞു.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. അവസരങ്ങള്‍ രണ്ട് ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാന്‍ സാധിച്ചില്ല. ആരാധകരുടെ സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം വൈകിയാണ് ഫൈനല്‍ മല്‍സരം ആരംഭിച്ചത്. ആദ്യമിനിറ്റില്‍ തന്നെ അര്‍ജന്‍റീന ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയെങ്കിലും കടുത്ത പ്രതിരോധം കൊളംബിയ ഉയര്‍ത്തുകയായിരുന്നു.