പാരിസ് ഒളിംപിക്സിന് തിരിതെളിയാന്‍ രണ്ടുനാള്‍ കൂടി കാത്തിരിക്കണമെങ്കിലും  മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഫുട്ബോളില്‍ അര്‍ജന്റീനയും സ്പെയിനും ആദ്യ ദിനം കളത്തിലിറങ്ങും. ലോകകപ്പ് ഉയര്‍ത്തിയ ടീമിലെ നാല് താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് അര്‍ജന്റീനയുടെ ഒളിംപിക് ഫുട്ബോള്‍ ടീം. 

അര്‍ജന്റീനയ്ക്കൊപ്പം ലോകകപ്പും കോപ്പ അമേരിക്കയും. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രിപ്പിള്‍ കിരീടങ്ങള്‍.  ജൂലിയന്‍ അല്‍വാരസിന് നേടാന്‍ ബാക്കിയുള്ളത് ഇനി ഒളിംപിക് മെഡല്‍ മാത്രം. അല്‍വാരസിനെ കൂടാതെ നിക്കോളസ് ഒട്ടമെന്‍ഡി, ജെറോനിമോ റൂയി, തിയാഗോ അല്‍മാഡ, എന്നിവരുമുണ്ട് ലോകകപ്പ് ടീമില്‍ നിന്ന് ഒളിംപിക് ടീമില്‍ ഇടംകണ്ടെത്തിയവര്‍.  

2004ലും 2008ലുമാണ് അര്‍ജന്റീന ഇതിനുമുമ്പ് ഒളിംപിക് സ്വര്‍ണമണിഞ്ഞത്.  ലോകകപ്പിലെ സ്വപ്ന കുതിപ്പ് ഒളിംപിക്സില്‍ ആവര്‍ത്തിക്കാനെത്തുന്ന മൊറോക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.  സൂപ്പര്‍ താരം അഷറഫ് ഹക്കിമി ഉള്‍പ്പെടുന്നാണ് മൊറോക്കന്‍ ടീം.  

ആദ്യമല്‍സരത്തില്‍ സ്പെയിനിന് എതിരാളികള്‍ ഉസ്ബക്കിസ്ഥാന്‍. മുന്‍ നിര താരങ്ങള്‍ ആരുമില്ലാതെയാണ് സ്പെയിനെത്തുന്നത്.  അണ്ടര്‍ 23 ടീമാണ് ഒളിംപിക്സ് ഫുട്ബോളില്‍ മല്‍സരിക്കേണ്ടതെന്നാണ് നിബന്ധന. 23 വയസില്‍ കൂടുതല്‍ പ്രായമുള്ള നാലുതാരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്താം. 

ENGLISH SUMMARY:

Argentina Vs Spain in Paris Olympics 2024. Julián Álvarez nears an Olympic medal.