TOPICS COVERED

ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യത പോരാട്ടങ്ങളില്‍ അര്‍ജന്‍റീനയ്ക്കും ബ്രസീലിനും തോല്‍വി. ലോകചാംപ്യന്‍മാരായ അര്‍ജന്‍റീന  കൊളംബിയയോട് തോറ്റപ്പോള്‍, പാരഗ്വായ് ആണ് ബ്രസീലിനെ അട്ടിമറിച്ചത്. പോയിന്‍റ് പട്ടികയില്‍ അര്‍ജന്‍റീന ഒന്നാമതും ബ്രസീല്‍ അഞ്ചാമതും ആണ്. 

ജൂലൈ മാസത്തില്‍ കോപ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്‍റീനയോട് പകരംവീട്ടി കൊളംബിയ. ലയണല്‍ മെസിയില്ലാതെയിറങ്ങിയ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ തോല്‍പ്പിച്ചത്. 25ാം മിനിറ്റില്‍ ജേര്‍സണ്‍ മോസ്കിരയുടെ ഗോളിലൂടെ കൊളംബിയയാണ് ആദ്യം ലീഡ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊളംബിയന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത നിക്കോ ഗോണ്‍സാലസ് അര്‍ജന്‍റീനയെ ഒപ്പമെത്തിച്ചു. 

എന്നാല്‍ അറുപതാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി വലയിലെത്തിച്ച് ജെയിംസ് റോഡ്രിഗസ് കൊളംബിയക്ക് ജയം സമ്മാനിച്ചു. ജയത്തോടെ എട്ട് മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്‍റുമായി കൊളംബിയ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അര്‍ജന്‍റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.  അതേ സമയം അവസാനം കളിച്ച അഞ്ചു യോഗ്യത മല്‍സരങ്ങളില്‍ നാലാം തോല്‍വി ഏറ്റുവാങ്ങി ബ്രസീല്‍.  ഏകപക്ഷീയമായ ഒരു ഗോളിനാണ് പാരഗ്വായ് കാനറികളെ അട്ടിമറിച്ചത്. ഡീഗോ ഗോമസാണ് പാരഗ്വായുടെ വിജയഗോള്‍ നേടിയത്.  പട്ടികയില്‍ 10 പോയിന്‍റുമായി ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. പട്ടികയിലെ ആദ്യ ആറുസ്ഥാനക്കാരാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്നത്. 

ENGLISH SUMMARY:

Argentina lost in the world cup qualifiers