സൗദി സൂപ്പര്‍ കപ്പില്‍ അല്‍ഹിലാലിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദക്കുരുക്കില്‍. ഇന്നലെ നടന്ന മല്‍സരത്തില്‍ 4 –1നാണ് അല്‍ ഹിലാല്‍, ക്രിസ്റ്റ്യാനോയുടെ അല്‍ നാസറിനെ പരാജയപ്പെടുത്തിയത്. അല്‍ ഹിലാലിന്‍റെ നാലാം ഗോളും വീണതോടെ ക്രിസ്റ്റ്യാനോയ്ക്ക് നിരാശയും അമര്‍ഷവും മറച്ചുവയ്ക്കാനായില്ല. ഉറങ്ങുന്നത് പോലെ സഹതാരത്തെ നോക്കി കാണിച്ചതിന് പിന്നാലെ രണ്ട് കൈകളും വലിച്ചെറിഞ്ഞും പിന്നാലെ കൈ ശരീരത്തിന് പിന്നിലേക്ക് അശ്ലീലരീതിയില്‍ കാണിച്ചുമാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചത്. ഇതോടെയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
ഇതാദ്യമായല്ല താരം അശ്ലീല അംഗവിക്ഷേപത്തിന് പഴി കേള്‍ക്കുന്നത്. സൗദി പ്രോ ലീഗില്‍ അല്‍ ഷബാബിനെതിരെ റിയാദില്‍ നടന്ന കളിയിലും താരം മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. താന്‍ മനപൂര്‍വം ചെയ്തതല്ലെന്നും, സംഭവിച്ച് പോയതാണെന്നുമായിരുന്നു ഇതിനോട് ക്രിസ്റ്റ്യാനോയുടെ മറുപടി. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും, നാളെ ആവര്‍ത്തിക്കില്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരും പൂര്‍ണരല്ല, ജീവിതം തന്നെ ശരിതെറ്റുകളുടെ കൂടിച്ചേരലാണെന്നും എന്നാല്‍ കായികതാരമെന്ന നിലയില്‍ ജയം മാത്രം ആഗ്രഹിക്കുന്ന അതിനായി എന്ത് പ്രയത്നവും ചെയ്യുന്ന ഒരാളാണ് താനെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
അല്‍ നാസറിനായി ആദ്യ പകുതിക്ക് മുന്‍പ് തന്നെ ക്രിസ്റ്റ്യാനോ ഗോള്‍ നേടി. പക്ഷേ ലഭിച്ച മുന്‍തൂക്കം നിലനിര്‍ത്താന്‍ ടീമിനായില്ല. വെറും 17 മിനിറ്റില്‍ നാല് ഗോളുകള്‍ അല്‍ ഹിലാല്‍ , അല്‍ നാസറിന്‍റെ വലയില്‍ അടിച്ചുകയറ്റി. കളിയുടെ രണ്ടാം പകുതി പൂര്‍ണമായും അല്‍ ഹിലാലിന്‍റെ പക്കലായിരുന്നു. അലക്സാന്ദര്‍ മിത്രോവിച്ചും സെര്‍ഗെജും–സാവികും ഒത്തിണക്കത്തോടെ പാസുകളുമായി മുന്നേറി. 55–ാം മിനിറ്റില്‍ സെര്‍ഗെജിന്‍റെ വക ഗോള്‍.
എട്ടു മിനിറ്റ് കഴിഞ്ഞതോടെ റൂബനില്‍ നിന്ന് ലഭിച്ച അതിമനോഹര ക്രോസില്‍ മിത്രോവിച്ച് അല്‍നാസറിന്‍റെ വല കുലുക്കി. ആ ആഘാതം മാറുന്നതിന് മുന്‍പ് മാല്‍കോമില്‍ നിന്ന് ലഭിച്ച പാസും മിത്രോവിച്ച് ഗോളാക്കി മാറ്റി. 72–ാം മിനിറ്റില്‍ മാല്‍കോം കൂടി ഗോള്‍ നേടിയതോടെ അല്‍നാസറിന്‍റെ പതനം പൂര്‍ണം. അല്‍നാസറില്‍ ചേര്‍ന്നതിന് ശേഷമുള്ള കിരീട വരള്‍ച്ചയാണ് ക്രിസ്റ്റ്യാനോയുടെ ടെംപര്‍ കളഞ്ഞതെന്നാണ് ആരാധകരുടെ വാദം.