ഫുട്ബോള്‍ താരങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ആര്‍ക്കാണ്? ഇനിയീ ചോദ്യത്തിന് നിസ്സംശയം ഉത്തരം നല്‍കാം! അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ! 100 കോടി ഫോളോവേഴ്സെന്ന അപൂര്‍വറെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 6 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുമാണ് റൊണാള്‍ഡോ ഈ അപൂര്‍വ നേട്ടം. മറ്റൊരു താരത്തിനും കിട്ടാത്ത നേട്ടമായാണ് റെണാള്‍ഡോ ആരാധകര്‍ ഇതിനെ കാണുന്നത്.
900 ഗോളുകള്‍ നേടിയതിലൂടെയും, യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ സ്വന്തമാക്കിയതിലൂടെയും സോഷ്യല്‍ മീഡിയയില്‍ റെണാള്‍ഡോ വലിയ ചര്‍ച്ച വിഷയമായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഏറ്റവും വേഗത്തില്‍ 100 കോടി ഫോളോവേഴ്സെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കുന്നത്. ആരാധകരോട് നന്ദി പറഞ്ഞ് താരവും രംഗത്തെത്തിയിട്ടുണ്ട്.
‘നമ്മള്‍ ചരിത്രം സൃഷ്ടിച്ചു- 1 ബില്യൺ ഫോളോവേഴ്‌സ്! ഇത് കേവലം ഒരു സംഖ്യയല്ല, അതിനുപരി നമ്മള്‍ പങ്കിടുന്ന ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്‍റെയും ആവേശത്തിന്‍റെയും സ്നേഹത്തിന്‍റെയും തെളിവാണ്. മഡെയ്‌റയിലെ തെരുവുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികളില്‍ വരെ, എല്ലായിടത്തും ഞാൻ എപ്പോഴും എന്‍റെ കുടുംബത്തിനും നിങ്ങൾക്കും വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഇന്ന് നമ്മള്‍ 1 ബില്യൺ ഒരുമിച്ചു നില്‍ക്കുന്നു.
എന്‍റെ എല്ലാ ഉയർച്ചകളിലും താഴ്ച്ചകളിലും നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഈ യാത്ര നമ്മുടെ യാത്രയാണ്, ഒരുമിച്ച്, നമുക്ക് നേടാനാകുന്ന കാര്യങ്ങൾക്ക് പരിധികളില്ലെന്ന് നമ്മള്‍ തെളിയിച്ചു. എന്നെ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്‍റെ ജീവിതത്തിന്‍റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നമ്മൾ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും,’ റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിച്ചു.
തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ഒന്നിലധികം റെക്കോർഡുകൾ തകർത്തുകൊണ്ട് 50 ദശലക്ഷം സബ്സ്ക്രൈബേഴ്സുമായി കുതിക്കുകയാണ് റൊണാള്‍ഡോയുടെ യൂട്യൂബ് ചാനല്‍. നിലവില്‍ യൂട്യൂബില്‍ 60 ബില്യണ്‍ സബ്സ്ക്രൈബേഴ്സുണ്ട് റൊണാള്‍ഡോയ്ക്ക്, ഇൻസ്റ്റാഗ്രാമിൽ, 639 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 170.5 ദശലക്ഷവും എക്‌സിൽ 113 ദശലക്ഷവുംപേരാണ് താരത്തെ പിന്തുടരുന്നത്.