TOPICS COVERED

യൂട്യൂബിൽ നിന്നും വരുമാനമില്ലാത്തതിനെ തുടർന്ന് അക്കൗണ്ട് അടച്ചുപൂട്ടി യൂട്യൂബർ. കുക്കിങ് വിഡിയോകൾ ചെയ്യുന്ന നളിനി ഉനഗർ എന്ന യൂട്യൂബറാണ് മൂന്ന് വർഷത്തെ പരിശ്രമത്തിന് ശേഷം ചാനൽ ഉപേക്ഷിച്ചത്. യൂട്യൂബിൽ പരാജയപ്പെട്ടെന്നും സ്റ്റുഡിയോ ഉപകരണങ്ങളും യൂട്യൂബ് വിഡിയോയ്ക്കായി ഉപയോഗിച്ച കിച്ചൺ ഉപകരണങ്ങളും വിൽക്കുകയാണെന്നും കാണിച്ച് യൂട്യൂബർ എക്സിൽ പോസ്റ്റും പങ്കുവച്ചു. ചാനലിനായി 8 ലക്ഷം രൂപയോളം ചിലവാക്കിയെന്നും റിട്ടേൺ പൂജ്യമായിരുന്നുവെന്നും യൂട്യൂബർ പറയുന്നു. 

സ്റ്റുഡിയോ തയ്യാറാക്കാനും കിച്ചണും സാധനങ്ങൾ വാങ്ങാനും ചാനൽ പ്രമോഷനുമെല്ലാമായി ഏകദേശം എട്ട് ലക്ഷത്തോളം രൂപയാണ് ചിലവായത്. മൂന്ന് വർഷത്തിനിടെ 250 ലധികം വിഡിയോകൾ ചെയ്തു. എന്നാൽ പ്രതീക്ഷിച്ചൊരു പ്രതികരണം ലഭിച്ചില്ല. ഇതോടെയാണ് വിഡിയോ ചെയ്യുന്നത് നിർത്താനും യൂട്യൂബിൽ നിന്നും എന്റെ കണ്ടന്റുകൾ ഡിലീറ്റ് ചെയ്യാനും തീരുമാനിച്ചതെന്ന് നളിനി ഉനഗർ പറയുന്നു. മൂന്ന് വർഷത്തെ പരിശ്രമം ലോക്കൽ ബിസിനസിലായിരുന്നെങ്കിൽ എന്തെങ്കിലും റിട്ടേൺ ലഭിക്കുമായിരുന്നുവെന്നും യൂട്യൂബർ പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിജയിക്കുന്നതിന് അൽപം ഭാ​ഗ്യം കൂടി വേണം. ഇതിനെ പ്രാഥമിക വരുമാന സ്രോതസാക്കി മാറ്റാതിരിക്കുന്നതാണ് ബുദ്ധി എന്നും യൂട്യൂബർ പറയുന്നു. ഫുഡ് ഫാക്ട്സ് ബൈ നളിനി (Food Facts by Nalini), നളിനീസ് കിച്ചൻ റെസിപ്പി (Nalini's Kitchen Recipe) എന്നിങ്ങനെ രണ്ട് ചാനലാണ് സ്വന്തമായുള്ളതെന്നും എക്സ് പോസ്റ്റിലുണ്ട്.  ഇതിൽ ഫുഡ് ഫാക്ട്സ് ബൈ നളിനി എന്ന ചാനലിന് 11,000 ത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. നളിനീസ് കിച്ചൻ റെസിപ്പി ചാനൽ 2,450 സബ്സ്ക്രൈബേഴ്സാണ് പിന്തുടർന്നിരുന്നത്. 

പണവും സമയവും ചിലവാക്കി, കരിയർ പോലും അപകടത്തിലാക്കിയാണ് ചാനൽ ബിൽഡ് ചെയ്തത്. പക്ഷേ യൂട്യൂബിൽ നിന്നും തിരികെ ഒന്നും ലഭിച്ചില്ല. ചില ചാനലുകളോട്, ചില പ്രത്യേകതരം കണ്ടന്റുകളോട് യൂട്യൂബിന് താൽപര്യമുണ്ട്. മറ്റുള്ളവരുടെ കഠിനാധ്വാനത്തെ അം​ഗീകരിക്കുന്നുമില്ല എന്നും യൂട്യൂബർ എക്സിൽ കുറിച്ചു. 

ENGLISH SUMMARY:

A YouTuber shuts down her channel after failing to generate income. Nalini Yunagar, a cooking video creator, decided to abandon her channel after three years of effort. In an emotional post on X, she revealed her struggles, stating that she is selling her studio equipment and kitchen tools used for videos. Nalini shared that she spent around Rs 8 lakh on the channel, but the returns were zero.