വെർട്ടിക്കൽ ഗെയിം ഉൾപ്പെടെ കേളി ശൈലിയിൽ പുതിയ മാറ്റങ്ങളുമായി ആരാധകർക്ക് ഓണവിരുന്നും, ഓണസമ്മാനവുമൊരുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തിരുവോണ നാളിലിറങ്ങുന്നു.
പുതിയ സീസണിലെ ആദ്യ ഹോം മാച്ചിൽ പഞ്ചാബ് എഫ്.സിയാണ് മഞ്ഞക്കുപ്പായക്കാരുടെ എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30 ന് മത്സരം.
പുതിയ തുടക്കം, പുതിയ ലക്ഷ്യം. ഇക്കുറി അതാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഉന്നം. പ്രതിരോധത്തിൻ്റെയും, ആക്രമണത്തിന്‍റെയും മിശ്രണമാകണം ഗെയിമെന്ന പക്ഷക്കാരൻ മികായേൽ സ്റ്റാറേയ്ക്ക് കീഴിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനിറങ്ങുന്നത്.
അടിമുടി ആക്രമണം ലക്ഷ്യമിടുമ്പോഴും, പ്രതിരോധം ഭദ്രമാക്കുന്നതാണ് പുതിയ കോച്ചിന്‍റെ ശൈലി. എതിരാളി പഞ്ചാബ് എഫ്.സിയെ മികായേൽ സ്റ്റാറെ വില കുറച്ചുകാണുന്നില്ല. അതുകൊണ്ടാണ് കോച്ച് പറയുന്നത് 'ദാറ്റ്സ് ഗോയിങ് ടു ബി എ ടഫ് മാച്ച്'.
മുന്നേറ്റത്തിലെ മൂർച്ചയാണ് സ്റ്റാറേ യുഗത്തിലേയ്ക്ക് പ്രവേശിക്കുന്ന ടീമിൻ്റെ ഹൈലൈറ്റ്. പുത്തൻ വരവുകാരൻ നോവ സദൂയിയാണ് പ്രധാന പ്രഹരായുധം. പരിക്കുമാറി പരിചയവും ഏറിയെത്തുന്ന ക്വാമേ പെപ്രെയ്ക്കൊപ്പം ഫോർവേഡായി സ്പെയിൻകാരൻ ഹെസൂസ് ഹിമിൻ. നായകൻ അഡ്രിയാൻ ലൂണ കൂടി എത്തുന്നതോടെ ഗോളടിയിൽ സ്റ്റാറേയുടെ സംഘം ഉജ്വലമാകുമെന്ന് പ്രതീക്ഷിക്കാം.
ഇടതുവലതു പാർശ്വങ്ങളിൽ മുഹമ്മദ് അയ്മനും , കെ.പി രാഹുലുമുണ്ട്. ഉപനായകൻ മിലോസ് ഡ്രിൻസിച്ചാണ് പ്രതിരോധത്തിലെ നായകൻ. ഗോൾവല കാക്കാൻ സച്ചിൻ സുരേഷും. സന്തുലിത ടീമുമായാണ് ബ്ലാസ്റ്റേഴ്സ് പുതു തുടക്കത്തിന് ആർപ്പുവിളികൾക്ക് നടുവിലേയ്ക്കെത്തുന്നത്.
എന്തിനും തയ്യാറായ ആരാധക കൂട്ടം മഞ്ഞപ്പടയുടെ ശക്തി വേറെയുമുണ്ട് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്. തോൽക്കാതിരിക്കാനെത്തുന്ന പഞ്ചാബ് എഫ് സി മികവു കിട്ടാനൊരുങ്ങുമ്പോൾ കൊച്ചിക്ക് ഇന്ന് ഒന്നാന്തരം ഓണക്കളി കാണാം.