ഫോട്ടോ: എഎഫ്പി

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലെയെ 2-1ന് തോല്‍പ്പിച്ച് ബ്രസീല്‍. സമനിലയില്‍ അവസാനിച്ചേക്കും എന്ന് തോന്നിയ മത്സരത്തില്‍ 89ാം മിനിറ്റില്‍ ലൂയിസ് ഹെന്‍​റിക് നേടിയ ഗോളിന്‍റെ ബലത്തിലാണ് ബ്രസീല്‍ ജയിച്ചുകയറിയത്. ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് 2-1ന്റെ ജയത്തിലേക്കെത്തി ബ്രസീല്‍ വിലപ്പെട്ട മൂന്ന് പോയിന്‍റ് സ്വന്തമാക്കിയത്. 

ഫോട്ടോ: എഎഫ്പി

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ എഡ്വാര്‍ഡോ വര്‍ഗാസിലൂടെ ചിലെ ബ്രസീലിനെ ഞെട്ടിച്ചു.28ാം മിനിറ്റില്‍ ബ്രസീലിന്‍റെ ഇടത് വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനിടെ വന്ന ക്രോസില്‍ ഹെഡ്ഡറിലൂടെ ചിലിയുടെ മരിപാന്‍ ഓണ്‍ഗോള്‍ വഴങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ അകന്ന് പോവുകയായിരുന്നു. 

ആദ്യ പകുതി അവസാനിക്കുന്നതിന്‍റെ അധിക സമയത്താണ് ബ്രസീല്‍ സമനില ഗോള്‍ നേടിയത്. സാവിയോയുടെ അസിസ്റ്റില്‍ നിന്ന് ഹെഡ്ഡറിലൂടെ ഇഗോര്‍ ജീസസ് വല കുലുക്കുകയായിരുന്നു. 52ാം മിനിറ്റില്‍ റാഫിഞ്ഞ ബ്രസീലിനായി ഗോള്‍ നേടുന്നതിനടുത്തെത്തിയെങ്കിലും ഓഫ്സൈഡില്‍ തട്ടിയകന്നു. 58ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ റോഡ്രിഗോയ്ക്ക് നേരെ വന്ന ചലഞ്ചിന് ബ്രസീല്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 89ാം മിനിറ്റില്‍ ഹെന്‍​റിക്കില്‍ നിന്ന് വന്ന ഇടംകാല്‍ ഷോട്ടാണ് ബ്രസീലിന്‍റെ വിജയ ഗോളായി മാറിയത്. 

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കോണ്‍മെബോല്‍ സ്റ്റാന്‍ഡിങ്ങില്‍ നാലാം സ്ഥാനത്താണ് നിലവില്‍ ബ്രസീല്‍. 9 കളിയില്‍ നിന്ന് നാല് ജയവും ഒരു സമനിലയും നാല് തോല്‍വിയുമാണ് ബ്രസീലിന് ഇതുവരെയുള്ളത്. 9 കളിയില്‍ ആറിലും ജയിച്ച് അര്‍ജന്റീനയാണ് ഒന്നാമത്.

ENGLISH SUMMARY:

Brazil defeated Chile 2-1 in the World Cup qualifying match. In a match that seemed to end in a tie, Brazil won on the strength of Luis Henrique's goal in the 89th minute