ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന വനിത ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പിന് കൊച്ചി വേദിയാകും. അടുത്ത വര്‍ഷം ഒക്ടോബറിലാണ് ചാംപ്യന്‍ഷിപ്പ്. സ്വന്തം മണ്ണില്‍ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.
കാഴ്ചപരിമിതിയെ ഇച്ഛാശക്തികൊണ്ട് തോല്‍പിച്ച് പന്തുതട്ടുന്നവരുടെ ലോകമാമാങ്കം. വനിതകളുടെ രണ്ടാമത് ബ്ലൈന്‍ഡ് ഫുട്ബോള്‍ ലോകകപ്പ് മല്‍സരമാണ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ലോകകപ്പില്‍ നാലാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യയുടെ ഇത്തവണത്തെ ലക്ഷ്യം കീരീടമാണ്. മലപ്പുറം സ്വദേശി ഇ.അപർണയാണ് ടീമിലെ ഗോള്‍കീപ്പര്‍മാരിലൊരാള്‍. മലയാളിയായ സുനില്‍ ജെ മാത്യുവാണ് പരിശീലകന്‍.
Also Read; ഇലന്തൂര്‍ ഇരട്ട നരബലി പുറംലോകമറിഞ്ഞിട്ട് രണ്ടു വര്‍ഷം; വീട് കാണാന്‍ ഇപ്പോഴും സന്ദര്‍ശകര്‍
ഇന്ത്യയ്ക്കുപുറമേ നിലവിലെ ചാമ്പ്യന്‍മാരായ അർജൻറീന, ജപ്പാൻ, ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങി എട്ടുടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുക. കാഴ്ചപരിമിതിയുള്ള നാലുപേരും കാഴ്ചശക്തിയുള്ള ഗോള്‍ കീപ്പറുമടങ്ങുന്നതാണ് ടീം. തട്ടുമ്പോള്‍ ശബ്ദമുണ്ടാകുന്ന പന്തുപയോഗിച്ചാണ് കളി. ലോകകപ്പിന്‍റെ ലോഗോ ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. 2025 ഒക്ടോബര്‍ രണ്ടുമുതല്‍ 12 വരെ കാക്കനാട് യുണൈറ്റഡ് സ്പോര്‍ട്സ് സെന്‍ററിലാണ് മല്‍സരങ്ങള്‍.