എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരം . ഒട്ടേറെ വിശേഷണങ്ങള്‍ നല്‍കിയാണ് മെസിയെ ആരാധകര്‍ വാഴ്ത്തുന്നത്. എതിര്‍ടീമിലെ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി പന്തുമായി ബോക്സിനുള്ളിലേക്ക് കുതിക്കുന്ന മെസി എന്നും ഫുട്ബോള്‍ പ്രേമികള്‍ക്ക് സുഖമുള്ള കാഴ്ചയാണ്. എന്നാല്‍ മെസി ഒരു പ്രതിരോധനിര താരമായിരുന്നു എങ്കിലോ?
അര്‍ജന്റീനയുടെ മുന്‍ ക്യാപ്റ്റനും ബാര്‍സയില്‍ മെസിയുടെ സഹതാരവുമായിരുന്ന മഷറാനോയാണ് മെസി ഡിഫന്‍ററായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്ന് പ്രവചിക്കുന്നത്. മെസി പ്രതിരോധനിര താരമായിരുന്നു എങ്കില്‍ താരത്തെ ഡ്രിബിള്‍ ചെയ്ത് പോകുക അസാധ്യമാകുമായിരുന്നു എന്നാണ് മഷറാനോയുടെ വാക്കുകള്‍.
പ്രതിരോധനിരയിലേക്കാണ് നിയോഗിച്ചിരുന്നതെങ്കില്‍ മെസി ലോകത്തെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളാകുമായിരുന്നു. മെസിയെ ഡ്രിബിള്‍ ചെയ്ത് പോവുക അസാധ്യമാണ്. ബാര്‍സലോണയില്‍ ഇടയ്ക്ക് ഞങ്ങള്‍ മുഖത്തോടുമുഖം വന്നിട്ടുണ്ട്. ഈ സമയം ഞങ്ങള്‍ക്ക് മെസിയെ ഡ്രിബിള്‍ ചെയ്ത് പോകാന്‍ പറ്റിയിട്ടില്ല, മഷറാനോ പറയുന്നു.
മെസിക്കെതിരെ നമുക്ക് മുന്നില്‍ മറ്റ് സാധ്യതകള്‍ ഒന്നുമില്ല. നല്ലൊരു ഡിഫന്‍റര്‍ കൂടിയാണ് മെസി. പരുക്കന്‍ ടാക്കിളുകള്‍ മെസിയില്‍ നിന്ന് വരില്ല. എന്നാല്‍ നമ്മള്‍ ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ വേഗത്തില്‍ അതിന് തടയിടാന്‍ മെസിക്കാവും എന്ന് മഷറാനോ ചൂണ്ടിക്കാണിക്കുന്നു.