ബെര്‍ണാബ്യുവില്‍ ചെന്ന് റയല്‍ മാഡ്രിഡിനെ പഞ്ഞിക്കിട്ട് ലെവന്‍ഡോസ്കിയും പിള്ളേരും. എല്‍ ക്ലാസിക്കോയില്‍ റയല്‍ മഡ്രിഡിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഹാന്‍സി ഫ്ളിക്കിന്റെ ബാര്‍സിലോന തകര്‍ത്തത്. രണ്ടാം പകുതിയിലായിരുന്നു നാലുഗോളുകളും. റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഇരട്ടഗോളുകള്‍ നേടി. ലമീന്‍ യമാലും റഫീഞ്ഞയും ബാര്‍സയ്ക്കായി സ്കോര്‍ ചെയ്തു.
എല്‍ ക്ലാസിക്കോയിലെ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാര്‍സയ്ക്ക് ആറുപോയിന്റ് ലീഡായി. തന്റെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തില്‍ എംബപെയ്ക്ക് തിളങ്ങാനാവാതെ പോയി. 30ാം മിനിറ്റില്‍ എംബപെ വല കുലുക്കിയെങ്കിലും ബാര്‍സയുടെ ഓഫ്സൈഡ് ട്രാപ്പില്‍ കുടുങ്ങി. രണ്ടാം പകുതിയിലും എംബപെയുടെ ഗോള്‍ ഓഫ് സൈഡ് ട്രാപ്പില്‍ കുടുങ്ങി. എന്നാല്‍ മറുവശത്ത് ലാ മാസിയ അക്കാദമിയില്‍ നിന്ന് വളര്‍ത്തിക്കൊണ്ടു വന്ന ആറ് താരങ്ങളെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കൊണ്ടുവന്നാണ് മാഡ്രിഡില്‍ ബാര്‍സ ആക്രമണം അഴിച്ചുവിട്ടത്. 22 വയസില്‍ താഴെയുള്ളവരായിരുന്നു ഈ ആറ് താരങ്ങളും.
ഒരു വര്‍ഷത്തിനിടെയുള്ള റയലിന്റെ ആദ്യ ലാ ലീഗ തോല്‍വിയാണ് ഇത്. 42 മത്സരങ്ങളാണ് സ്പാനിഷ് ലീഗില്‍ റയല്‍ തോല്‍വി അറിയാതെ തുടരെ കളിച്ചത്. നാല് എല്‍ ക്ലാസിക്കോ തോല്‍വികളുടെ ഭാരം പേറിയിരുന്ന ബാര്‍സയ്ക്ക് അത് ഇറക്കിവയ്ക്കാനും ഈ ജയത്തോടെ സാധിച്ചു. ബാര്‍സയെ പ്രതാപ കാലത്തേക്ക് ഹാന്‍സി ഫ്ളിക്ക് കൊണ്ടുപോവുകയാണോ എന്നാണ് റയലിനെ തകര്‍ത്തുവിട്ട മത്സരത്തിന് പിന്നാലെ ആരാധകരുടെ ചോദ്യം.
രണ്ടാം പകുതി ആരംഭിച്ച് 54ാം മിനിറ്റിലാണ് ബാര്‍സ ആദ്യ ഗോള്‍ വലയിലാക്കിയത്. രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ലെവന്‍ഡോസ്കി ബാര്‍സയുടെ ലീഡ് 2-0 ആക്കി. ബാല്‍ഡെ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു 56ാം മിനിറ്റിലെ ലെവന്‍ഡോസ്കിയുടെ ഗോള്‍. പിന്നാലെ 77ാം മിനിറ്റില്‍ ബാര്‍സയുടെ കൗമാര താരം ലാമിന്‍ യമാലിന്റെ ഊഴമായിരുന്നു. റാഫിഞ്ഞയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ലാമിന്‍റെ ഗോള്‍. 84ാം മിനിറ്റില്‍ റാഫിഞ്ഞയും വല കുലുക്കിയതോടെ ബാര്‍സയ്ക്ക് മാഡ്രിഡ് നഗരത്തില്‍ ആഘോഷരാവ്...