ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് വലയിലാക്കാനാവാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറിന്റെ അല്‍ താവൗണിന് എതിരായ കിങ്സ് കപ്പ് മത്സരത്തിലാണ് പെനാല്‍റ്റി കിക്ക് എടുത്ത ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യം തെറ്റിയത്. 1-0ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല, ഗ്യാലറിയിലിരുന്ന ഒരു കുട്ടിയുടെ ഫോണും ക്രിസ്റ്റ്യാനോ തകര്‍ത്തു.
ഇതിന് മുന്‍പ് അല്‍ നസറിനായി എടുത്ത 18 പെനാല്‍റ്റി കിക്കുകളും വലയിലാക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ പന്ത് ഗോള്‍പോസ്റ്റിന് മുകളിലൂടെ പറന്ന് ഗ്യാലറിയിലേക്കെത്തി. ഈ സമയം ക്രിസ്റ്റ്യാനോയുടെ പെനാല്‍റ്റി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്ന കുട്ടിയുടെ നേര്‍ക്കാണ് പന്ത് എത്തിയത്. പന്ത് വന്നടിച്ചതും കുട്ടിയുടെ കയ്യില്‍ നിന്ന് ഫോണ്‍ തെറിച്ചുപോയി.
രണ്ട് വര്‍ഷം മുന്‍പ് അല്‍ നസറിലേക്ക് എത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ സൗദി ക്ലബിനൊപ്പം നിന്ന് ഒരു പ്രധാനപ്പെട്ട കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ക്രിസ്റ്റ്യാനോയ്ക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെ പ്രതികരണവുമായി താരം സമൂഹമാധ്യമങ്ങളിലെത്തി. ഓരോ വെല്ലുവിളിയും വളരാനുള്ള ഓരോ അവസരങ്ങളാണ് എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്.