വംശീയതയ്ക്കെതിരെ തന്‍റെ തുറന്ന പോരാട്ടമാണ് ബലൊന്‍ ദ ഓര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് വിനിഷ്യസ് ജൂനിയര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. വിനിഷ്യസിനല്ല ബലൊന്‍ ദ് ഓര്‍ എന്ന വിവരം അറിഞ്ഞതോടെ ചടങ്ങ് റയല്‍ മാഡ്രിഡ് ബഹിഷ്കരിച്ചിരുന്നു. ഇത് ഞാന്‍ പത്ത് വട്ടം ചെയ്യേണ്ടതുണ്ട് എങ്കില്‍ ഞാന്‍ ചെയ്യും. അവര്‍ തയ്യാറായിട്ടില്ല എന്നായിരുന്നു എക്സില്‍ വിനിഷ്യസ് കുറിച്ചത്.
'വംശിയതയ്ക്കെതിരെ പോരാടുന്ന ഒരു കളിക്കാരനെ അംഗീകരിക്കാന്‍ ഫുട്ബോള്‍ ലോകം തയ്യാറായിട്ടില്ല', വിനിഷ്യസിന്‍റെ മാനേജ്മെന്‍റ് സ്റ്റാഫിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി 16 വട്ടമെങ്കിലും കളിക്കളത്തില്‍ വെച്ച് വിനിഷ്യസ് വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. വംശിയ അധിക്ഷേപ വിഷയത്തില്‍ നടപടി എടുക്കുന്നില്ലെങ്കില്‍ സ്പെയ്ന്‍ 2030 ലോകകപ്പിന് ആതിഥ്യം വഹിക്കരുത് എന്ന് വിനിഷ്യസ് പറഞ്ഞിരുന്നു.
2030 ലോകകപ്പിന് മുന്‍പ് സ്പെയിനിലെ വംശിയാധിക്ഷേപങ്ങളുണ്ടാവുന്ന സംഭവങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ ലോകകപ്പ് മറ്റൊരിടത്തേക്ക് മാറ്റണം. അതിലൂടെ വംശിയ അധിക്ഷേപം നടത്തുന്നവര്‍ക്ക് മനസിലാകും ഒരാളുടെ നിറത്തെ ചൂണ്ടി അധിക്ഷേപിക്കുന്നത് എത്രമാത്രം ഗുരുതരമായ തെറ്റാണ് എന്ന്, ഈ വര്‍ഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കണ്ണീരണിഞ്ഞ് വിനിഷ്യസ് പറഞ്ഞതിങ്ങനെ.
ലാ ലീഗ കിരീടത്തിലേക്കും ചാംപ്യന്‍സ് ലീഗ് ജയത്തിലേക്കും റയല്‍ എത്തിയതിന് പിന്നില്‍ വിനിയുടെ സംഭാവന വലുതായിരുന്നു. 10 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും നാല് അസിസ്റ്റുമാണ് വിനിഷ്യസ് സ്കോര്‍ ചെയ്തത്. 26 ലാ ലീഗ മത്സരങ്ങളില്‍ നിന്ന് അടിച്ചത് 20 ഗോളുകളും. വിനിഷ്യസിന് ബലൊന്‍ ദ് ഓര്‍ ലഭിക്കാതെ പോയത് ചരിത്രപരമായ മോഷണം എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.