റോഡ്രി ബലൊന്‍ ദ് ഓര്‍ നേടിയതിന് പിന്നാലെ ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. റയല്‍ മാഡ്രിഡിന്‍റെ ബ്രസീല്‍ വിങ്ങര്‍ വിനിഷ്യസ് ജൂനിയറിനാണ് ഇത്തവണ ബലൊന്‍ ദി ഓര്‍ ലഭിക്കേണ്ടിയിരുന്നത് എന്ന വാദവുമായി ഒട്ടേറെ പേരാണ് എത്തുന്നത്. വിനിഷ്യസിനെ പിന്തുണച്ച് എത്തുന്നവരില്‍ സിനദിന്‍ സിദാനുമുണ്ട്. 2018ല്‍ തന്നെ ബലൊന്‍ ദി ഓറിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാണ് സിദാന്‍റെ വാക്കുകള്‍.
സീസണിലെ പ്രകടനം നോക്കിയാല്‍ വിനിഷ്യസ് ഏറെ മികച്ച് നിന്നിരുന്നു. കഴിവിനും വിനിഷ്യസിന്‍റെ കഠിനാധ്വാനത്തിനും ഈ അവാര്‍ഡ് അര്‍ഹിച്ചിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ 2018ല്‍ ഈ അവാര്‍ഡിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു, ക്രിസ്റ്റ്യാനോയ്ക്ക് അന്ന് ലഭിക്കാതിരുന്നതിലൂടെ, സിദാന്‍ പറയുന്നു.
ബലൊന്‍ ദ് ഓര്‍ കയ്യകലത്തില്‍ നിന്ന് നഷ്ടപ്പെട്ടതിന് പിന്നാലെ വിനിഷ്യസ് ജൂനിയറും പ്രതികരിച്ചിരുന്നു. എനിക്ക് ആവശ്യമെങ്കില്‍ ഇത് ഞാന്‍ പത്ത് വട്ടം ചെയ്യും. അവര്‍ തയ്യാറല്ല എന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍. കഴിഞ്ഞ സീസണില്‍ റയലിനൊപ്പം നിന്ന് ചാംപ്യന്‍സ് ലീഗ്, ലാ ലീഗ, സൂപ്പര്‍ കോപ്പ എന്നിവയിലാണ് വിനി കിരീടം ചൂടിയത്. സീസണില്‍ അടിച്ചത് 26 ഗോളുകളും 12 അസിസ്റ്റും. വിനിഷ്യസിനല്ല ബലൊന്‍ ദ് ഓര്‍ എന്ന് വ്യക്തമായതിന് പിന്നാലെ ചടങ്ങിലേക്ക് ഒരു പ്രതിനിധിയെ പോലും അയക്കേണ്ടതില്ലെന്ന് റയല്‍ തീരുമാനിച്ചിരുന്നു.