മെസിയും അര്‍ജന്‍റീനയും 2025 ഒക്ടോബറിലോ നവംബറിലോ കേരളത്തിലെത്താന്‍ സാധ്യത. രണ്ട് മല്‍സരങ്ങള്‍ക്കാണ് കേരളം താല്‍പര്യം അറിയിച്ചത്. ഒരു മത്സരം ഉറപ്പായെന്നും രണ്ടാം മല്‍സരത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍റെ കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഫിഫ റാങ്കിങില്‍ മുന്നിലുള്ള ഏഷ്യന്‍ ടീമുകളെയാണ് എതിരാളികളായി പരിഗണിക്കുന്നത്. വേദിയായി കൊച്ചിക്കാണ് മുന്‍ഗണനയെങ്കിലും തിരുവനന്തപുരവും കോഴിക്കോടും പരിഗണനയിലുണ്ടെന്നും കായികവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ഫിഫ കലണ്ടര്‍ പ്രകാരം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അര്‍ജന്‍റീനയുടെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ കഴിയും. പിന്നെ അടുത്തവര്‍ഷം രാജ്യാന്തര മല്‍സരങ്ങള്‍ക്കുള്ള രണ്ട് വിന്‍ഡോ ഒക്ടോബര്‍ 7 മുതല്‍ 15 വരെയും നവംബര്‍ 11 മുതല്‍ 19 വരെയുമാണ്. ഇതില്‍ ഏതെങ്കിലും ഒരു വിന്‍ഡോയില്‍ ടീം എത്തുമെന്നാണ് പ്രതീക്ഷ. ഒരു വിന്‍ഡോയില്‍ രണ്ട് മല്‍സരങ്ങളാണ് ദേശീയ ടീമുകള്‍ കളിക്കുക. അതിനാലാണ് രണ്ട് മല്‍സരങ്ങള്‍ കേരളത്തില്‍ കളിക്കാനുള്ള താല്‍പര്യം സര്‍ക്കാര്‍ അറിയിച്ചത്. ഒരു മല്‍സരം ഉറപ്പിച്ചെങ്കിലും രണ്ടാം മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഫിഫ–അണ്ടര്‍ പതിനേഴ് ലോകകപ്പ് ഉള്‍പ്പെടെ രാജ്യാന്തര മല്‍സരങ്ങള്‍ക്ക് വേദിയായ കൊച്ചിയെ തന്നെ വേദിയായി പ്രധാനമായും പരിഗണിക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ സ്റ്റേഡിയവും കോഴിക്കോടും പരിഗണനയിലുണ്ട്. കാണികളെ ഉള്‍ക്കൊള്ളാനുള്ള പരിമിതി കോഴിക്കോടിന് തിരിച്ചടിയാണ്. മെസിയില്ലാത്ത അര്‍ജന്‍റീന ടീം വരുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. മെസിയുള്ള ടീം തന്നെയായിരിക്കും വരികയെന്നും, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഒപ്പിടുന്ന കരാറില്‍ താരത്തിന്‍റെ പങ്കാളിത്തം നിബന്ധനയായി ഉണ്ടാകുമെന്നും കായിക വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.