എതിര്‍ നിരയിലെ പ്രതിരോധനിര താരങ്ങളെ ഒരു ദയയുമില്ലാതെ കബളിപ്പിച്ച് മെസി വല കുലുക്കുന്നത് ഫുട്ബോള്‍ ലോകം പലവട്ടം കണ്ടിട്ടുണ്ട്. എന്നാല്‍ മെസി ഒരു പ്രതിരോധനിര താരമായിരുന്നെങ്കിലോ? മൈതാനത്ത് പന്തുമായി ചടുല നീക്കങ്ങള്‍ കൊണ്ട് നേരിയ സാധ്യതയില്‍ നിന്ന് പോലും വല കുലുക്കുന്ന മെസിക്ക് പ്രതിരോധനിര താരമായിരുന്നെങ്കില്‍ ഈ വിധം പേരെടുക്കാന്‍ സാധിക്കുമായിരുന്നോ? അര്‍ജന്റൈന്‍ മുന്‍ താരം മഷറാനോയാണ് മെസി ഡിഫന്ററായാല്‍ എന്താവും അവസ്ഥ എന്ന പ്രതികരണവുമായി എത്തുന്നത്.
മെസിയുടെ ഇന്റര്‍ മയാമിയുടെ മാനേജറായി മഷറാനോ എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മെസിയുടെ മുന്‍ സഹതാരം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുന്നത്. മെസി പ്രതിരോധനിര താരമായിരുന്നു എങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിര താരമായി മെസി മാറുമായിരുന്നു എന്നാണ് ബാര്‍സയിലെ മെസിയുടെ മുന്‍ സഹതാരത്തിന്റെ വാക്കുകള്‍.
'മെസിയെ മറികടക്കുക എന്നത് അസാധ്യമായ കാര്യമാണ്. ബാര്‍സയില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി കളിച്ചു. പരിശീലന മത്സരങ്ങളില്‍ മെസിക്കെതിരെ കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു അവസരവും തരില്ല. ആക്രമണകാരികള്‍ക്ക് എങ്ങനെ നന്നായി പ്രതിരോധിക്കണം എന്ന് അറിയാം. മെസി നന്നായി പ്രതിരോധിച്ചു. അതിശയിപ്പിക്കുന്ന വേഗതയാണ് മെസിക്ക്. മെസിയെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും അത് അസാധ്യമായിരുന്നു, മഷറാനോ പറയുന്നു.
2018ലാണ് മഷറാനോ ബാര്‍സ വിടുന്നത്. ബാര്‍സയുമായി ഒരു ദശാബ്ദത്തോളം ഡ്രസ്സിങ് റൂം പങ്കിട്ടു. ഇനി ഇന്‍റര്‍ മയാമിയുടെ ബോസായി മഷറാനോ വരുമോ എന്നതിലേക്കാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അങ്ങനെ വന്നാല്‍ ആറ് വര്‍ഷത്തിന് ശേഷമുള്ള മെസിയുടേയും മഷറാനോയുടേയും ഒരിക്കല്‍ കൂടിയുള്ള ഒരിമിക്കലാവും അത്.