പുതുവല്‍സരസമ്മാനമായി സന്തോഷ് ട്രോഫി ഇങ്ങെത്തിക്കാന്‍ കേരള ടീം ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്നു. ഹൈദരാബാദില്‍ ഇന്നുരാത്രി ഏഴരയ്ക്ക് നടക്കുന്ന ഫൈനലില്‍ ബംഗാളാണ് കേരളത്തിന്‍റെ എതിരാളികള്‍.
ഇന്ത്യന്‍ ഫുട്ബോളിന്‍റെ സകലപ്രതാപവും കാല്‍ച്ചുവട്ടിലുള്ള കേരളവും ബംഗാളും നേര്‍ക്കുനേരെത്തുന്ന കലാശപ്പോരാട്ടം. പത്തില്‍ ഒന്‍പത് മല്‍സരങ്ങളിലും വിജയിച്ച് തോല്‍വിയറിയാതെയാണ് ഇരുടീമിന്‍റെയും ഫൈനല്‍ പ്രവേശനം. യോഗ്യതാ റൗണ്ടില്‍ തുടങ്ങിയ ഗോള്‍ വേട്ട ഇങ്ങ് സെമിഫൈനല്‍ വരെ തുടര്‍ന്ന മുന്നേറ്റനിര തന്നെയാണ് കേരളത്തിന്‍റെ കരുത്ത്.
അടിച്ചുകൂട്ടിയത് 35 ഗോളുകള്‍. ഒട്ടും മോശമല്ല ബംഗാളും. 27 തവണ എതിരാളികളുടെ വല ചലിപ്പിച്ചു. ഒന്‍പത് ഗോളുകള്‍ നേടിയ മുഹമ്മദ് അജ്സലും എട്ടുഗോളുകള്‍ നേടിയ നസീബ് റഹ്മാനുമാണ് ബംഗാള്‍ ഗോള്‍മുഖത്തെ കേരളത്തിന്‍റെ പ്രതീക്ഷ. അജ്സലിനുള്ള ബംഗാളിന്‍റെ മറുപടിയാണ് റോബി ഹന്‍സ്ദ. അടിച്ചുകൂട്ടിയത് 11 ഗോളുകള്‍. ഇനി ചരിത്രംപറഞ്ഞാല്‍ 32 തവണ കിരീടമുയര്‍ത്തിയുണ്ട് ബംഗാള്‍. കേരളത്തിനാകട്ടെ ഏഴുകിരീടങ്ങളും.