സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മഡ്രിഡ്–ബാര്‍സിലോന ഫൈനല്‍. മയോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് മറികടന്നാണ് റയല്‍ ഫൈനലിലെത്തിയത്. സൗദി പ്രോ ലീഗില്‍ ഈവര്‍ഷത്തെ ആദ്യ ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായ 24 കലണ്ടര്‍ വര്‍ഷം ഗോള്‍നേടുന്ന അപൂര്‍വ റെക്കോര്‍ഡിനും ഉടമയായി.
റയല്‍ മഡ്രിഡിന്റെ ആധിപത്യം കണ്ട മല്‍സരത്തിന്റെ ആദ്യപകുതിയിൽ ലൂക്കാസ് വാസ്കെസിന്റെയും ബെല്ലിങാമിന്റെയുംശ്രമങ്ങൾ മയോര്‍ക്കയുടെ പ്രതിരോധക്കോട്ടയില്‍ തട്ടിനിന്നു. 63–ാം മിനിറ്റില്‍ വാസ്കെസിന്റെ ക്രോസില്‍ നിന്ന് ബെല്ലിങ്ങാം ആദ്യ ഗോള്‍ നേടി. അടുത്ത ഗോളിനായി ഇഞ്ചുറി ടൈംവരെ കാത്തിരിക്കേണ്ടിവന്നു. ഡയസിന്റെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടയിൽ മയോര്‍ക്കയുടെ
വാൾജെന്റ് പന്ത് സ്വന്തം പോസ്റ്റിലേക്ക് എത്തിച്ചു. മൂന്നാം ഗോള്‍ തൊട്ടുപിന്നാലെയെത്തി. റോഡ്രിഗോയാണ് സ്കോറര്‍. ഞായറാഴ്ച ബാർസിലോനയ്ക്കെതിരെയാണ് റയലിന്റെ ഫൈനല്‍. കഴിഞ്ഞ ഒക്ടോബറിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കുകയാണ് റയലിന്റെ ലക്ഷ്യം.
റയല്‍ പതിമൂന്ന് വട്ടവും ബാര്‍സ 14വട്ടവും സൂപ്പര്‍ കപ്പ് കിരീടം ചൂടി.
സൗദി പ്രോലീഗില്‍ അല്‍ നസര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അല്‍ ഒഖ്ദൂദിനെ തോല്‍പിച്ചു. ഒരുഗോളിന് പിന്നില്‍ നിന്നശേഷമായിരുന്നു ജയം. സാദിയോ മാനെ രണ്ടുഗോളും റൊണാള്‍ഡോ ഒരുഗോളും നേടി. 42–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ കരിയറിലെ 917–ാം ഗോള്‍ നേടിയത്. 2002ല്‍ സ്പോര്‍ടിങ് ലിസ്ബണില്‍ കരിയര്‍ തുടങ്ങിയ റൊള്‍ഡോ തുടര്‍ച്ചയായ 24-ാം കലണ്ടര്‍വര്‍ഷമാണ് ഗോള്‍ നേടുന്നത്. ഫുട്ബോള്‍ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത നേട്ടം.