Picture Credits:PTI
സ്വന്തം തട്ടകത്തിൽ ബാർസിലോന പോലൊരു ടീമിനെതിരെ 72 മിനിറ്റുവരെ 2-0ന് ലീഡ് ചെയ്യുക. പിന്നീട് നാലു ഗോളുകൾ വാങ്ങിക്കൂട്ടി കനത്ത തോൽവി. സ്വപ്നസമാനമായൊരു വിജയത്തിലേക്കു കുതിക്കുകയായിരുന്ന അത്‌ലറ്റിക്കോ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി, സ്‌പാനിഷ് ലാലിഗയിൽ ബാർസ വീണ്ടും ഒന്നാമത്. ആവേശകരമായ മത്സരത്തിൽ അത്‌ലറ്റിക്കോയുടെ ബസ് പാര്‍ക്കിംഗ് തന്ത്രത്തെയും മറികടന്ന് 4-2നാണ് ബാർസയുടെ വിജയം. അത്‌ലറ്റിക്കോയുടെ 70 മിനിറ്റായും ബാര്‍സയുടെ 20 മിനിറ്റായും കളിയെ രണ്ടായി തരം തിരിക്കാം.
അത്‌ലറ്റിക്കോയുടെ 70 മിനിറ്റ്
സ്വന്തം തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ബാർസിലോനയ്‌ക്കെതിരെ അത്‌ലറ്റിക്കോ മഡ്രിഡിന് ലഭിച്ചത് സ്വപ്ന തുല്യമായ തുടക്കം. കിരീടപോരാട്ടം അവസാന ഘട്ടത്തിൽ എത്തിനിൽക്കെ മഡ്രിഡിന് വിജയം അനിവാര്യമായിരുന്നു. ബാർസിലോനയുടെ ആക്രമണങ്ങളെ കൂട്ടമായി പ്രതിരോധിച്ച് പ്രത്യാക്രമണത്തിലൂടെ ഗോളടിക്കുകയായിരുന്നു സിമിയോണിയുടെ തന്ത്രം. കൂടുതൽ സമയവും പന്ത് കൈവശം വച്ച ബാർസ താരങ്ങൾക്ക് പെനൽറ്റി ബോക്സിൽ സ്പെയ്സ് അനുവദിക്കാതെ പ്ലാൻ വിജയകരമായി കളത്തിൽ നടപ്പിലാക്കാനും അത്‌ലറ്റിക്കോയ്ക്കായി. ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ സ്ട്രൈക്കർ യൂലിയൻ അൽവാരസിന്റെ ഗോളിൽ മുന്നിലെത്തിയതോടെ പ്രതീക്ഷയും വാനോളമായി. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള ബാർസ ശ്രമങ്ങൾക്കിടെ അത്‌ലറ്റിക്കോ ലീഡ് ഉയർത്തി. അൽവാരസിന് പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടർ സൊർലോത്തായിരുന്നു ഗോൾ സ്കോറർ.
ബാർസയുടെ തിരിച്ചുവരവ്
രണ്ട് ഗോൾ വീണതോടെ ബാർസ താരങ്ങൾ എതിർ ബോക്സിലേക്ക് ആർത്തിരമ്പി. 72–ാം മിനിറ്റിൽ ഇനിഗോ മാർട്ടിനെസിന്റെ പാസിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ക്ലിനിക്കൽ ഫിനിഷ്. സ്‌കോർ 2-1. ഒരു ഗോൾ മടക്കിയതോടെ ബാർസ ആക്രമണങ്ങൾ കടുപ്പിച്ചു. 78–ാം മിനിറ്റിൽ റാഫിഞ്ഞയുടെ ക്രോസിൽ പകരക്കാരൻ ഫെറാൻ ടോറസിന്റെ കിടിലൻ ഹെഡർ. ബാർസ ഒപ്പത്തിനൊപ്പം. കളി അധിക സമയത്തേക്ക്. കറ്റാലൻമാർ കാത്തിരുന്ന നിമിഷം. ബോക്സിനു പുറത്തുനിന്ന് ലെമീന്‍ യമാലിന്റെ ഇടങ്കാലൻ ഷോട്ട് അത്‌ലറ്റിക്കോയുടെ വലയിൽ. കാഴ്ചക്കാരനായി ഗോളി ഒബ്ലാക്ക്. ഒടുവിൽ കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഫെറാൻ ടോറസിന്റെ രണ്ടാം ഗോളിൽ അത്‌ലറ്റിക്കൊയുടെ പെട്ടിയിൽ ഫ്ളിക്കും സംഘവും അവസാന അണിയും അടിച്ചു.
പോയിന്റ് പട്ടിക
കഴിഞ്ഞമാസം തുടക്കത്തിൽ റയലിനേക്കാൾ ഒൻപത് പോയിന്റ് പിന്നിലായ ബാർസലോനയുടെ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. നിലവിൽബാർസക്കും ചിരവൈരികളായ റയൽ മാഡ്രിഡിനും 60 പോയിന്റ് വീതം. ഗോളുകളുടെ എണ്ണത്തിൽ ബാർസ ഒന്നാമത്. റയലിനെക്കാൾ ഒരു മത്സരം കുറവ് കളിച്ച ബാർസലോനായ്ക്ക് അടുത്ത കളി ജയിച്ചാൽ 3 പോയിന്റ് ലീഡ് സ്വന്തമാക്കാം. ഇരു ടീമുകളും ഇതേ ഫോം തുടർന്നാൽ മെയ് 11ന് ബാർസയുടെ മൈതാനത്ത് നടക്കുന്ന എൽ ക്ലാസിക്കോ പോരാട്ടം കിരീടപോരില്‍ നിർണായകമാകും.