ആറ് പതിറ്റാണ്ട് മുമ്പൊരു 15കാരന്‍ യാദൃശ്ചികമായി അണിഞ്ഞ 10ാം നമ്പര്‍ ജേഴ്സി അവനൊപ്പം വളര്‍ന്ന് ഫുട്ബോളിലെ ഐതിഹാസികത കൈവരിച്ചു. പെലെയും പത്താം നമ്പര്‍ ജേഴ്സിയും സാന്‍റോസിലേക്ക് ബ്രസീലിലേക്കുമെത്തിച്ചത് കണക്കില്ലാത്ത കിരീടങ്ങള്‍.
ഇതിഹാസത്തിന്റെ നെഞ്ചോട് ചേര്‍ന്ന് നിന്ന് പത്താം നമ്പര്‍ ജേഴ്സി ഒരിക്കല്‍ സാന്‍റോസ് ക്ലബില്‍ നിന്ന് വിരമിക്കുകയും ചെയ്തു. പെലെ കളിമതിയാക്കിയപ്പോഴല്ല, ബ്രസീലിലെ രണ്ടാം ഡിവിഷനിലേക്ക് സാന്റോസ് എഫ് സി തരംതാഴ്ത്തപ്പെട്ട 2023ല്‍. രണ്ടാം ഡിവിഷനില്‍ കളിക്കുമ്പോള്‍ പത്താം നമ്പര്‍ അണിയുന്നത് പെലെെയ അപമാനിക്കുന്നതിന് തുല്യമെന്ന ചിന്തയാണ് ജേഴ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിലെത്തിയത്.
തൊട്ടടുത്ത വര്‍ഷം ഒന്നാം ഡിവിഷനിലേക്ക് തിരികെയെത്തിയ സാന്‍റോസ് പത്താം നമ്പര്‍ ജേഴ്സിയും തിരികെയെത്തിച്ചു. സാന്‍റോസ് വളര്‍ത്തിയ മറ്റൊരു ഇതിഹാസമായ നെയ്മാര്‍ ക്ലബിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുമ്പോള്‍ പത്താം നമ്പര്‍ ജേഴ്സി വീണ്ടും ഐതിഹാസിക പദവിയിലേക്കെത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 11ാം വയസില്‍ സാന്റോസ് അക്കാദമിയിലെത്തിയ നെയ്മാര്‍ പതിനൊന്നാം നമ്പര്‍ ജേഴ്സിയാണ് അണിഞ്ഞിരുന്നത്.
ബാല്യകാല ക്ലബിലേക്ക് നെയ്മാര്‍ തിരികെയെത്തുമ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്ന പോലെ പത്താം നമ്പര്‍ ജേഴ്സി കിട്ടണമെങ്കില്‍ മറ്റൊരു താരം കൂടി മനസുവയ്ക്കണം. നിലവിലെ പത്താം നമ്പറുകാരന്‍ വെനസ്വേലന്‍ വിങ്ങര്‍ യെഫെര്‍സന്‍ സോറ്റെല്‍ഡോ.