ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ പെനല്‍റ്റി കിക്കെടുക്കാന്‍ പഠിക്കുന്നതിന് താന്‍ സഹായിച്ചുണ്ടെന്ന് വെളിപ്പെടുത്തി ബ്രസീല്‍ സൂപ്പര്‍താരം നെയ്മാര്‍. ബാഴ്സലോണയ്ക്കായി കളിക്കുന്ന കാലത്താണ് ഈ സംഭവമുണ്ടായതെന്നും താരം പറയുന്നു. 'പോഡ്പാ പോഡ്കാസ്റ്റി'ന് അനുവദിച്ച അഭിമുഖത്തിലാണ് നെയ്മാറിന്‍റെ വെളിപ്പെടുത്തല്‍.
'പെനല്‍റ്റി പിഴവില്ലാതെ എടുക്കുന്നതെങ്ങനെയാണെന്ന് മെസിയെ പഠിപ്പിച്ചത് ഞാനാണ്. പരിശീലനത്തിനിടയിലാണ് മെസിയൊരിക്കല്‍ എന്നോട് അക്കാര്യം ചോദിച്ചത്. 'എങ്ങനെയാണ് നീ ഇങ്ങനെ പെനല്‍റ്റിയെടുക്കുന്നത്? ഞാനൊരുമാതിരി എന്താണീ കേള്‍ക്കുന്നതെന്ന ഭാവത്തിലായിപ്പോയി. 'എന്താണീ ചോദിക്കുന്നത്? എനിക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ക്കും പറ്റും, മെസിക്ക് എന്താണ് സാധിക്കാത്തത്?' എന്ന് ഞാന്‍ ചോദിച്ചു. പിന്നാലെ പെനല്‍റ്റിയെടുക്കുന്നതെങ്ങനെയാണെന്ന് പറഞ്ഞും ,പരിശീലിപ്പിച്ചും കൊടുത്തു'- നെയ്മാര്‍ വിശദീകരിക്കുന്നു.
2013 മുതല്‍ 2017 വരെ നാല് സീസണുകളിലാണ് ഇരുവരും ഒന്നിച്ചുണ്ടായിരുന്നത്. 161 മല്‍സരങ്ങളില്‍ ഇരുവരും ഒന്നിച്ചിറങ്ങി. 56 ഗോളുകളും നേടി. ഇരുവരുടെയും തകര്‍പ്പന്‍ കളി 2014–15 സീസണില്‍ ബാഴ്സലോണയ്ക്കും മുതല്‍ക്കൂട്ടായി. 2017 ല്‍ നെയ്മാര്‍ ക്ലബ് വിട്ട് പിഎസ്ജിയിലേക്ക് റെക്കോര്‍ഡ് തുകയ്ക്ക് ചേക്കേറുകയായിരുന്നു.
എക്കാലത്തെയും ഏറ്റവും മികച്ച പെനല്‍റ്റി വിദഗ്ധരുടെ കണക്കെടുത്താല്‍ മുന്‍പന്തിയിലാണ് ബ്രസീലിന്‍റെ സൂപ്പര്‍താരം. ബ്രസീലിനായും ക്ലബിനായും എടുത്ത 88 പെനല്‍റ്റികളില്‍ വെറും 18 എണ്ണമൊഴികെ ബാക്കിയെല്ലാം ലക്ഷ്യം കണ്ടു. സാന്‍റോസിനായി കളിക്കുമ്പോള്‍ പെനല്‍റ്റിയെടുക്കുന്നതിനായി പ്രത്യേക ടെക്നികാണ് നെയ്മാര്‍ സ്വീകരിച്ചിരുന്നത്. ഗോളിയെ ബോധപൂര്‍വം വഴി തെറ്റിക്കുന്ന ആ ട്രിക്ക് അത്ര ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഫിഫ 2010 ല്‍ വിലക്കുകയും ചെയ്തു.