Credit: X/Twitter
കുടിയന്‍മാര്‍ക്കുവേണ്ടി മിണ്ടാനും പറയാനും ഒടുവില്‍ ഒരാളെത്തിയിരിക്കുന്നു. ഇവിടെല്ല, കര്‍ണാടക നിയമസഭയിലാണ് കുടിയന്‍മാരുടെ പ്രശ്നം ശക്തിയുക്തം അവതരിപ്പിക്കപ്പെട്ടത്. ബജറ്റ് ചര്‍ച്ചയ്ക്കിടെ ഉന്നയിക്കപ്പെട്ട ഈ ആവശ്യം ചിരിപടര്‍ത്തിയെന്ന് മാത്രമല്ല സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്‍റെ ഒളിയമ്പുമായി.
ആഴ്ചയില്‍ രണ്ടുബോട്ടില്‍ അതും സഹകരണ സംഘങ്ങള്‍ വഴി
പ്രതിപക്ഷമായ എന്‍ഡിഎയുടെ പ്രധാന ഘടക കക്ഷിയായ ജെഡിഎസിലെ മുതിര്‍ന്ന അംഗം എം.ടി.കൃഷ്ണപ്പയാണ് മദ്യപന്‍മാരുടെ സാമ്പത്തിക പ്രശ്നം സഭയുടെ ശ്രദ്ധയില്‍കൊണ്ടുന്നത്. മദ്യപന്‍മാര്‍ക്ക് ആഴ്ചയില്‍ രണ്ടു ബോട്ടിലുകള്‍ സൗജന്യമയാി നല്‍കണം. സഹകരണ സംഘങ്ങള്‍ വഴി നല്‍കുന്നത് നല്ലത്. സ്ത്രീകൾക്കായി സർക്കാർ ഒട്ടേറെ സൗജന്യങ്ങൾ നൽകുന്നുണ്ട്. അതും നമ്മുടെ നികുതി പണമാണ്. എന്തുകൊണ്ട് ആണുങ്ങൾക്കും ഇത്തരം പദ്ധതികള്‍ ആലോചിച്ചുകൂടാ. കുടിയന്‍മാരായ പുരുഷന്‍മാര്‍ക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യമെങ്കിലും അനുവദിക്കണം. വിതരണം സഹകരണ സംഘങ്ങള്‍ വഴിയായാല്‍ നല്ലത്. ഗ്യാരണ്ടി സ്കീമിലുള്‍പെടുത്തി സ്ത്രീകള്‍ക്ക് നല്‍കുന്ന പണം പുരുഷന്‍മാര്‍ തട്ടിയെടുത്തു മദ്യപിക്കുന്നുവെന്ന പരാതിയും മാറികിട്ടും. ഇതായിരുന്നു കൃഷ്ണപ്പയുടെ ചോദ്യം.
നിഷ്കരുണം തള്ളി സര്‍ക്കാര്‍,നിസഹായവസ്ഥ പ്രകടിപ്പിച്ച് സ്പീക്കര്‍
ചര്‍ച്ചയില്‍ മറുപടി പറഞ്ഞത് ഊര്‍ജവകുപ്പ് മന്ത്രിയായ മലയാളി കെ.ജെ. ജോര്‍ജായിരുന്നു. 'നിങ്ങള്‍ തിരഞ്ഞെടുപ്പ് ജയിച്ച്, ഭരണം തിരിച്ചു പിടിച്ച ശേഷം വേണമെങ്കില്‍ നടപ്പിലാക്കിക്കോളൂ'വെന്നായിരുന്നു ജോർജിന്‍റെ മറുപടി. 'മദ്യാസക്തി പരമാവധി കുറയ്ക്കാനാണു ശ്രമിക്കുന്നത്. മദ്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന നയം സര്‍ക്കാരിനില്ലെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നിർദേശം പ്രായോഗികമല്ലെ'ന്ന് സ്പീക്കർ യു.ടി ഖാദറും അഭിപ്രായപ്പെട്ടു. 'നിർദ്ദേശം നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്. രണ്ടുകുപ്പി സൗജന്യമായി നൽകാൻ തുടങ്ങിയാൽ സ്ഥിതി എന്തായിരിക്കുമെന്നു സങ്കൽപ്പിച്ചു നോക്കൂ'വെന്നും സ്പീക്കർ പറഞ്ഞു.
'സ്പീക്കർ സർ എന്നെ തെറ്റിദ്ധരിക്കരുത്, നിങ്ങൾ 2000 രൂപ സൗജന്യമായി നൽകുമ്പോൾ, സൗജന്യ വൈദ്യുതി നൽകുമ്പോൾ അത് നമ്മുടെ പണമാണ്, അല്ലേ?. അതുകൊണ്ട് മദ്യപാനികൾക്കും ആഴ്ചയിൽ രണ്ട് കുപ്പികൾ സൗജന്യമായി നൽകാൻ ആവശ്യപ്പെടുന്നത്. നമ്മുടെ പണമാണ് ശക്തി യോജനയ്ക്കും സൗജന്യ ബസിനും വൈദ്യുതിക്കും നൽകുന്നത്, അല്ലേ? അപ്പോള്‍ പുരുഷന്മാർക്ക് ആഴ്ചയില്‍ രണ്ട് കുപ്പികൾ നൽകുന്നതിൽ എന്താണ് തെറ്റ്? സഹകരണ സംഘം വഴി സർക്കാർ വിതരണം ചെയ്യട്ടെ', ഇങ്ങനെ എം.ടി.കൃഷ്ണപ്പ തന്‍റെ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.
കുത്ത് കോണ്‍ഗ്രസിന്‍റെ ഗ്യാരണ്ടി സ്കീമുകള്‍ക്ക്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് അഞ്ചിന ക്ഷേമപദ്ധതികളിലൂടെയാണ്. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര,മാസാന്ത്യ ഓണറേറിയം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യം, നൂറു യൂണിറ്റ് സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ ക്ഷേമ പദ്ധതികളായി മാറ്റിയത്. പലതവണ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ള കര്‍ണാടകയില്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ സാമ്പത്തിക ഞെരുക്കത്തിലേക്കു പോയെന്നാണു ബിജെപി,ജെഡിഎസ്. മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം 36500 കോടിയില്‍ നിന്നും നാല്‍പതിനായിരം കോടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഇതാണ് സൂചിപ്പിക്കുന്നതെന്നുമാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയാക്കാന്‍ വേണ്ടി കൂടിയാണ് കൃഷ്ണപ്പ അസാധാരണമായി കുടിയന്‍മാര്‍ക്കായി നിയമസഭയില്‍ ശബ്ദമുയര്‍ത്തിയത്.