ഐപിഎല്‍ പ്ലേഓഫ് പോരാട്ടങ്ങള്‍ ഇന്നത്തോടെ തുടങ്ങുകയാണ്. ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടമാണ് ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്നത്. മല്‍സരം ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്ക്. തോറ്റവര്‍ക്ക് വീണ്ടും അവസരം. അതിനാല്‍ തന്നെ ഹൈവോള്‍ട്ടേജ് മല്‍സരമെന്ന പേര് ബുധനാഴ്ചയിലെ രാജസ്ഥാന്‍– ബെംഗളൂരു പോരിനാണ്.
ടൂര്‍ണമെന്‍റിന്‍റെ ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ മൂന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിലേക്ക് എത്തുന്നത്. ഏപ്രിലിന്‍റെ സൗന്ദര്യമായിരുന്നില്ല രാജസ്ഥാന് മേയില്‍. കൊല്‍ക്കത്തയ്ക്കെതിരായ അവസാന മല്‍സരം ലീഗ് മല്‍സരം മഴമൂലം ഉപേക്ഷിക്കുന്നതിന് മുന്‍പ് തുടര്‍ച്ചയായി നാല് മല്‍സരങ്ങളാണ് രാജസ്ഥാന്‍ തോറ്റത്. പ്ലേഓഫിലേക്ക് കുറഞ്ഞ സാധ്യത കല്‍പ്പിച്ചിടത്ത് നിന്ന് നാലാം സ്ഥാനക്കാരായാണ് ബെംഗളൂരുവിന്റെ പ്രവേശനം. ആദ്യ എട്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവുമായി അവസാന സ്ഥാനത്തുണ്ടായിരുന്ന ബെംഗളൂരു തുടര്‍ച്ചയായ ആറു ജയങ്ങളോടെയാണ് പ്ലേ ഓഫിലെത്തുന്നത്.
ഇവിടെ നിരവധി പ്രതിസന്ധിയാണ് നേരിടുന്നത്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ ബട്ടലറും ജയ്‍സ്വാളും അടങ്ങുന്ന ഓപ്പണിംഗ് പരാജയപ്പെട്ടപ്പോള്‍ നാലാം നമ്പറില്‍ ബാറ്റിംഗിനെത്തിയ സഞ്ജു സാസംണും റിയാന്‍ പാരാഗുമാണ് രാജസ്ഥാന്‍ ബാറ്റിംഗിനെ നയിച്ചത്. ബട്ട്ലറും ജയ്സ്വാളും തിളങ്ങിയപ്പോഴും മധ്യനിര പ്രതിക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. കാര്യമായ പരീക്ഷങ്ങള്‍ നേരിടാത്തതിന്‍റെ അഭാവം ടീമിന്‍റെ മധ്യനിര നേരിടുന്നുണ്ട്. ടൂര്‍ണമെന്‍റില്‍ ടീമിന് ആവശ്യമുള്ള ഘട്ടത്തില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ സീസണില്‍ ഫിനിഷിങിലൂടെ ശ്രദ്ധേയമായ ധ്രുവ് ജുറെലായിരുന്നു രാജസ്ഥാന്‍റെ തുറുപ്പ്ചീട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റത്തിന് സാഹചര്യം ലഭിച്ചതും ഈ പ്രകടനം കൊണ്ടാണ്. എന്നാല്‍ ഈ സീസണില്‍ അധികം അവസരം ലഭിക്കാത്ത താരം ഏപ്രിലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നേടിയ അര്‍ധ സെഞ്ചറി മാത്രമാണ് എടുത്തു കാണിക്കാനുള്ളത്. അവസാന മൂന്ന് മല്‍സരത്തില്‍ 29 റണ്‍സാണ് താരം നേടിയത്.
ഇവിടെയും തീരുന്നില്ല പ്രശ്നങ്ങള്‍. വിദേശ താരങ്ങളുടെ പ്രകടനവും അഭാവവും ടീമിനെ ബാധിക്കുന്നു. വെസ്റ്റ് ഇൻഡീസ് താരം റോവ്‌മാൻ പവല്‍ അവസാന മൂന്ന് ഇന്നിംഗ്‌സുകളിൽ 44 റൺസ് മാത്രമാണ് നേടിയത്. ബട്ലര് പ്ലേഓഫിനുണ്ടാകില്ലെന്നതും തിരിച്ചടിയാണ്. പകരക്കാരനായെത്തിയ ടോം കോഹ്ലർ-കാഡ്മോർ പ്രകടനമാവട്ടെ ടീമിന് മുതല്‍കൂട്ടാകുന്നതുമില്ല. പഞ്ചാബിനെതിരെ 23 പന്തില്‍ 18 റണ്‍സാണ് ഓപണര്‍ നേടിയത്. ഹിറ്റ്‍മെയര്‍ മേയ് രണ്ടിന് ശേഷം കളിച്ചിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ ടീം ബാറ്റിങില്‍ നേരിടുന്നുണ്ട്.
ഇനി ചരിത്രം നോക്കിയാല്‍ ഇരു ടീമുകളും പ്ലേഓഫില്‍ ഓരോ മല്‍സരം വീതമാണ് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയിച്ചത്. പ്ലേഓഫില്‍ രണ്ട് തവണയാണ് ആര്‍സിബിയും രാജസ്ഥന്‍ റോയല്‍സും ഏറ്റുമുട്ടിയത്. 2015 ലെ എലിമിനേറ്ററില്‍ 71 റണ്‍സിനാണ് ബെംഗളൂരുവിന്‍റെ ജയം. അടുത്ത നേര്‍ക്കുനേര്‍ 2022 ലെ രണ്ടാം ക്വാളിഫയറിലാണ്. ഇത്തവണ ജയം രാജസ്ഥാനൊപ്പമായിരുന്നു.