തുടക്കത്തിൽ അന്യായ കളിയുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയും, അവസാന ഘട്ടത്തിൽ അടുപ്പിച്ച് പരാജയങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ടീമാണ് രാജസ്ഥാൻ റോയൽസ്. ഇതിന് നേരേ തിരിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ചരിത്രം. ആദ്യം തുടർച്ചയായി പരാജയപ്പെടുകയും, എല്ലാവരും എഴുതിത്തള്ളുകയും ചെയ്ത ശേഷമായിരുന്നു ബംഗളൂരുവിന്റെ അപ്രതീക്ഷിത തിരിച്ചുവരൽ.
ഇന്നത്തെ രാജസ്ഥാൻ - ബംഗളൂരു എലിമിനേറ്ററിൽ തോൽക്കുന്ന ടീം പുറത്താണ്. ആദ്യ എട്ടിൽ ഏഴ് മത്സരങ്ങളും തോറ്റ ബംഗളൂരു ഇന്ന് ജയിച്ചാൽ, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് വിഷമത്തോടെ മടങ്ങേണ്ടി വരും. ആദ്യം ഒമ്പതിൽ എട്ട് കളികളും വിജയിച്ച രാജസ്ഥാൻ പിന്നീട് ഏറ്റുവാങ്ങിയത് തുടർച്ചയായ നാല് അപ്രതീക്ഷിത തോൽവികളാണ്. അവസാന മത്സരം മഴയും കൊണ്ടുപോയി. ഇതോടെ എലിമിനേറ്ററിലേക്ക് ഇറങ്ങേണ്ടി വന്നു രാജസ്ഥാന്.
ഏറ്റവും ഒടുവിലത്തെ കിടിലൻ മത്സരത്തിൽ ചെന്നൈയെ തകർത്താണ്, റൺറേറ്റിന്റെ കൂടി ആനുകൂല്യത്തിൽ വിരാട് കോലിയുടെ ബംഗളൂരു കടന്നുകൂടിയത്. ഇന്നു ജയിക്കുന്നത് ആരായാലും, അവർക്ക് ഫൈനൽ സ്വപ്നവുമായി രണ്ടാം ക്വാളിഫയറിത് തയ്യാറെടുക്കാം. രാജസ്ഥാന്റെ സ്വന്തം ജോസേട്ടൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്. യശസ്വി ജയ്സ്വാളിനൊപ്പം ഇനി ആരാകും ഓപ്പൺ ചെയ്യുകയെന്ന് കാത്തിരിന്നുതന്നെ കാണണം.
ബാറ്റിങ്ങിൽ മലയാളി താരം സഞ്ജു തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ. സഞ്ജു ഇന്ന് തകർത്തടിക്കുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് ആരാധകരും. ബെംഗളൂരു നിരയിൽ തുടക്കത്തിൽ തന്നെ കോഹ്ലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും തകർത്തടിച്ചാൽ പിന്നീടെത്തുന്ന രജത് പാട്ടിദാറിനും ദിനേശ് കാർത്തികിനുമൊക്കെ ടെൻഷനില്ലാതെ ബാറ്റുവീശാം. മുഹമ്മദ് സിറാജ് നയിക്കുന്ന ബംഗളൂരുവിന്റെ പേസ് ബൗളിങ് നിരയിൽ യാഷ് ദയാൽ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ചെന്നൈക്കെതിരെ ബംഗളൂരു ജയിക്കാനുള്ള പ്രധാന കാരണവും യാഷ് ദയാലിന്റെ സെൻസിബിൾ ബൗളിങ് തന്നെയായിരുന്നു.
ചെന്നൈ-ബംഗളൂരു മത്സരത്തിൽ പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യാന്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 6 ബോളിൽ 17 റണ്‍സാണ്. ധോണി പതിവുശൈലിയിൽ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരുന്നു. എന്നാൽ എന്നാല്‍ രണ്ടാം പന്തില്‍ യാഷ് ദയാൽ ധോണിയെ കൂടാരം കയറ്റി ചെന്നൈ ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പിന്നീട് രണ്ട് പന്തുകളില്‍ നിന്ന് ശര്‍ദുല്‍ താക്കൂര്‍ നേടിയത് ഒരു റണ്‍സ് മാത്രം. അവസാന രണ്ട് പന്തിലും ഒരു ബൗണ്ടറി പോലും നേടാന്‍ രവീന്ദ്ര ജഡേജയ്ക്കും സാധിച്ചില്ല. അങ്ങനെ യാഷ് ദയാലിന്റെ അത്യുഗ്രൻ ഓവറിലാണ് ചെന്നൈയെ തകർത്തെറിഞ്ഞ് ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാൻ ബാറ്റർമാർ യാഷ് ദയാലിനെ വളരെ കരുതിയായിരിക്കും നേരിടുക.
ഒന്നാം ക്വാളിഫയർ മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകർത്താണ് കൊൽക്കത്ത ഫൈനലിൽ കടന്നത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 19.3 ഓവറിൽ 159 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എറിഞ്ഞൊതുക്കുകയായിരുന്നു. കൊൽക്കത്ത വെറും 13.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. പരാജയപ്പെട്ടുവെങ്കിലും, ഹൈദരാബാദിന് രണ്ടാം ക്വാളിഫയറിലൂടെ തിരിച്ചുവരാൻ കഴിയും. ബംഗളൂരു - രാജസ്ഥാൻ എലിമിനേറ്ററിൽ വിജയിച്ചുവരുന്ന ടീമിനോടായിരിക്കും സൺ റൈസേഴ്സ് രണ്ടാം ക്വാളിഫയറിൽ മത്സരിക്കുക. ബുധനാഴ്ചയാണ് മത്സരം.