ഐപിഎല്‍ രണ്ടാം ക്വാളിഫയറിലേക്ക് കടക്കുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാന്‍ റോയല്‍സിനും ജീവന്‍ മരണ പോരാട്ടമാണ്. ജയിക്കുന്നവര്‍ക്ക് ഫൈനല്‍ സീറ്റ് ഉറപ്പിക്കാനാകുമ്പോള്‍ തോറ്റാല്‍ ഇനി അവസരമില്ലെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് മന്ത്രിക്കുന്ന മല്‍സരം. ആദ്യ ക്വാളിഫയര്‍ തോറ്റ സണ്‍റൈസേഴ്സ് ഹൈദരാബാദും എലിമിനേറ്റര്‍ ജയിച്ച രാജസ്ഥാന്‍ റോയല്‍സും എന്നതാണ് ഇന്നത്തെ മല്‍സരത്തിന്‍റെ വാശി. പവര്‍പ്ലേ ഓവറില്‍ ഇരുടീമുകളും എങ്ങനെ മല്‍സരം നിയന്ത്രിക്കുന്നു എന്നതാകും മല്‍സരത്തിന്‍റെ ഗതി നിര്‍ണയിക്കുക.
പവര്‍ പ്ലേയെ കയ്യിലെടുത്ത ഹൈദരാബാദിന്‍റെ ബാറ്റിംഗ് ശക്തിയും പവര്‍ പ്ലേയില്‍ വിക്കറ്റ് എറിഞ്ഞിട്ട രാജസ്ഥാന്‍റെ ബൗളിംഗ് നിരയുമാണ് നേര്‍ക്ക് നേര്‍ വരുന്നത്. ഐപിഎല്‍ സീസണിലെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഹൈദരാബാദ് ടീമിന്‍റെ ശക്തി. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും അടങ്ങുന്ന സണ്‍റൈസേഴ്സിന്‍റെ ഓപ്പണിംഗ് ആദ്യ ആറോവറില്‍ 11.48 റണ്‍റേറ്റോടെ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയ ടീമാണ്. . 13 ഇന്നിംഗ്സില്‍ 676 റണ്‍സ് നേടിയ ഈ കൂട്ടുകെട്ടില്‍ ഇതിനോടകം മൂന്ന് സെഞ്ചറി പിറന്നിട്ടുണ്ട്. കളിച്ച മല്‍സരങ്ങളിലൊന്നും 30 പന്ത് തികച്ച് നേരിടാത്ത അഭിഷേക് ശര്‍മ 14 മല്‍സരത്തില്‍ നിന്ന് 470 റണ്‍സ് നേടിയിട്ടുണ്ട്. ഇത് എത്രകണ്ട് അപകടകാരിയാണെന്ന് തെളിയിക്കുന്നു.
ഇതിനെ പേടിയില്ലാതെ നേരിടാന്‍ കഴിയുന്ന ബൗളിംഗ് രാജസ്ഥാന്‍റെ പക്കലുണ്ട്. ഗ്രൂപ്പ് മല്‍സരത്തില്‍ ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ പവര്‍ പ്ലേയില്‍ നേട്ടമുണ്ടാക്കിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ആവേശ് ഖാനാണ് അന്ന് ഓപ്പണര്‍മാരെ പുറത്താക്കിയത്. 20 ഓവറില്‍ 201 ണ്‍സാണ് അന്ന് സണ്‍റൈസേഴ്സിന്‍റെ സമ്പാദ്യം. സണ്‍ റൈസേഴ്സ് ഹൈദരാബാദ് ബാറ്റുകൊണ്ട് പോരാടുമ്പോള്‍ പന്തിലാണ് സഞ്ജു സാംസണ്‍ ടീമിന്‍റെ നേട്ടം. പവര്‍പ്ലേ ഓവറില്‍ 8.03 ഇക്കണോമിയോടെ 24 വിക്കറ്റാണ് രാജസ്ഥാന്‍ ബൗളിംഗ് നിര വീഴ്ത്തിയത്.
വീക്ക് പോയിന്‍റിനെ നേരിടുക
ടൂര്‍ണമെന്‍റില്‍ പഞ്ചാബ് കിങ്സ് സൂപ്പറിനോടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും ട്രാവിസ് ഹെഡ് പുറത്തായത് പൂജ്യത്തിനാണ്. ആദ്യ ക്വാളിഫയറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനോടും പഞ്ചാബിനെതിരായ മല്‍സരത്തില്‍ അര്‍ഷദീപ് സിങിനോടും ഹെഡ് റണ്‍സ് എടുക്കാതെ പുറത്തായി. രണ്ട് മല്‍സരത്തിലും ഇടംകയ്യന്‍ പേസര്‍മാരാണ് ട്രെന്‍ഡിനെ പുറത്താക്കിയത്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട് എന്ന ഇടംകയ്യന്‍ പേസറെയാണ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ നേരിടേണ്ടി വരിക.