ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഫൈനല്‍ ജയിച്ചതിന്റെ റെക്കോര്‍ഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്. ചെന്നൈയില്‍ സണ്‍റൈസേഴ്സിനെതിരെ 57 പന്ത് ബാക്കി വച്ചാണ് ശ്രേയസ് അയ്യരുടെ സംഘം വിജയറണ്‍ കുറിച്ചത്. ഹൈദരാബാദ് മുന്നോട്ടുവച്ച 114 റണ്‍സ് വിജയലക്ഷ്യം നൈറ്റ് റൈഡേഴ്സ് 10.3 ഓവറില്‍ മറികടന്നു. 2022 ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കുറിച്ച റെക്കോര്‍ഡ‍് ഇതോടെ പഴങ്കഥയായി. 11 പന്ത് ബാക്കിനില്‍ക്കെയാണ് അന്ന് ടൈറ്റന്‍സ് ലക്ഷ്യംകണ്ടത്.
ചെന്നൈ ഫൈനലില്‍ അര്‍ധസെഞ്ചറി നേടിയ വെങ്കടേഷ് അയ്യരും ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസുമാണ് ടീമിന് അനായാസ വിജയം നേടിക്കൊടുത്തത്. വെങ്കിടേഷ് 24 പന്തില്‍ 52 റണ്‍സും ഗുര്‍ബാസ് 32 പന്തില്‍ 39 റണ്‍സുമെടുത്തു. ആറ് റണ്‍സെടുത്ത ഓപ്പണര്‍ സുനില്‍ നരെയ്ന്‍ കമ്മിന്‍സിന്റെ പന്തില്‍ ഷാബാസ് അഹമ്മദിന് ക്യാച്ച് നല്‍കി മടങ്ങി. ഗുര്‍ബാസിനെ ഷാബാസ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
നേരത്തേ കൊല്‍ക്കത്ത പേസര്‍മാരുടെ കൃത്യതയ്ക്കുമുന്നില്‍ മുട്ടിടിച്ചുവീണ സണ്‍റൈസേഴ്സിന് 18.3 ഓവറില്‍ വെറും 113 റണ്‍െസടുക്കാനെ കഴിഞ്ഞുള്ളു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടോപ് സ്കോറര്‍. നൈറ്റ് റൈഡേഴ്സിനുവേണ്ടി ആന്ദ്രെ റസല്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. വൈഭവ് അറോറയ്ക്കും സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിക്കും ഓരോ വിക്കറ്റ് ലഭിച്ചു.
Kolkata Knight Riders registers fastest chase in IPL final