കൊൽക്കത്തക്കെതിരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ലീഗ് ഘട്ട മത്സരത്തിലെ മൂന്നാം ഓവര്‍. മിച്ചല്‍ സ്റ്റാര്‍ക്കിനെ ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് പറത്തി കോലിയുടെ കൂറ്റന്‍ സിക്സ്. ഇതാ പോകുന്നു നിങ്ങളുടെ 24.75 കോടി എന്നാണ് കോലിയുടെ സിക്സിന് പിന്നാലെ ആരാധകരുടെ ട്രോളുകള്‍ വന്നത്. എന്നാൽ ഹൈദരാബാദിനെ തോൽപ്പിച്ച് കൊൽക്കത്ത കിരീടം ചൂടുമ്പോൾ ഫൈനലിലെ താരമായത് സ്റ്റാർക്ക്.
കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ സീസണിലെ ആദ്യ രണ്ട് മല്‍സരത്തിൽ സ്റ്റാര്‍ക്ക് എറിഞ്ഞത് 8 ഓവര്‍. വഴങ്ങിയത് 100 റണ്‍സ്. ഒരു വിക്കറ്റ് പോലും ഈ രണ്ട് കളിയിൽ നിന്നും വീഴ്ത്താനുമായില്ല. വമ്പന്‍ പ്രൈസ് ടാഗിന്റെ ഭാരം സ്റ്റാര്‍ക്കിന് താങ്ങാനാവാതെ വന്നപ്പോൾ ഓസീസ് പേസറേയും കൊല്‍ക്കത്തയേയും ദയയില്ലാതെ ട്രോളി ആരാധകരെത്തി. ഐസ്ലന്ഡ് ക്രിക്കറ്റും സ്റ്റാര്‍ക്കിനെ ട്രോളി എത്തിയവരിലുണ്ട്. ഐസ്ലന്ഡിലെ ഒരു ബിയറിനേക്കാള്‍ വലകൂടിയത് എന്നാണ് സ്റ്റാര്‍ക്ക് 100 റണ്‍സ് വഴങ്ങിയതിനെ ട്രോളി ഐസ്ലന്ഡ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തത്.
എന്നാൽ ഐപിഎൽ ഫൈനലിൽ ഹൈദരാബാദിന്റെ അഭിഷേക് ശർമയുടെ കുറ്റി പിഴുത ബോളിലൂടെ തന്നെ 24.75 കോടി പാഴായി പോയെന്ന് പറഞ്ഞവരുടെ വായടപ്പിക്കാൻ സ്റ്റാർക്കിനായി. ലെഗ് സ്റ്റംപിൽ പിച്ച് ചെയ്ത് എത്തിയ പന്ത് ഓഫ് സ്റ്റംപ് ഇളക്കിയത് കണ്ട് അഭിഷേകും ഞെട്ടി. 150ന് മുകളിൽ വേഗത കണ്ടെത്തിയ മായങ്ക് ഉൾപ്പെടെയുള്ള താരങ്ങളെ കണ്ട സീസണാണെങ്കിലും മണിക്കൂറിൽ 139 കിലോമീറ്റർ വേഗതയിലെത്തിയ സ്റ്റാർക്കിന്റെ സ്വിങ് ചെയ്ത് എത്തിയ ഡെലിവറി കയ്യടി നേടുകയാണ്. ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ഡെലിവറി എന്ന വിശേഷണവും പല കോണുകളിൽ നിന്ന് സ്റ്റാർക്കിന്റെ ഈ പന്ത് സ്വന്തമാക്കി കഴിഞ്ഞു.
അഭിഷേകിന്റെ വിക്കറ്റ് വീഴ്ത്തിയ ഡെലിവറിയെ ചൂണ്ടി കയ്യടികള്‍ ഉയരുമ്പോള്‍ സ്റ്റാര്‍ക്കിന്റെ വാക്കുകള്‍ ഇങ്ങനെ, 'സ്റ്റംപ് ലക്ഷ്യമിട്ട് എറിയുക. സ്വിങ് കണ്ടെത്താന്‍ ശ്രമിക്കുക. കഴിഞ്ഞ 14 വര്‍ഷമായി അതിനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. എല്ലായ്പ്പോഴും സംഭവിക്കണം എന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ രണ്ട് വട്ടം അത് സംഭവിച്ചു'.
9 റൺസ് എടുത്ത് നിന്ന് രാഹുൽ ത്രിപാഠിയും സ്റ്റാർക്കിന്റെ എക്സ്ട്രാ പേസും ബൗൺസുമായി എത്തിയ ഡെലിവറിക്ക് മുൻപിൽ വീണു. സീസണില്‍ 14 കളിയില്‍ നിന്ന് 17 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. അതില്‍ 11 വിക്കറ്റുകള്‍ പവര്‍പ്ലേയില്‍. സീസണില്‍ പവര്‍പ്ലേയില്‍ കൊല്‍ക്കത്ത വീഴ്ത്തിയത് 27 വിക്കറ്റും. 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുതതതാണ് സീസണിലെ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനം. എന്നാല്‍ ഇക്കണോമി 10.61 ആണ്. 251 ഡെലിവറികള്‍ സ്റ്റാര്‍ക്കില്‍ നിന്ന് വന്നപ്പോള്‍ വഴങ്ങിയത് 444 റണ്‍സും.