ഐപിഎൽ മെഗാലേലം വരാനിരിക്കെ ചെന്നൈ സൂപ്പർ കിങ്സിൽ എംഎസ് ധോണി ഉണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച ധോണി കഴിഞ്ഞ വർഷം ചെന്നൈയുടെ നായക സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇനി വരുന്ന സീസണിൽ ധോണിയെ താരമായി നിലനിർത്തുമോ എന്നതാണ് ചോദ്യം. മെഗാലേലത്തിന് മുൻപ് ചെന്നൈ പെട്ട ധർമ്മസങ്കടം പരിഹരിക്കാൻ പഴയ നിയമത്തിനായി ഐപിഎല്ലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഫ്രാഞ്ചൈസി.
43 കാരനായ ധോണി 2020 ഓഗസ്റ്റിൽ അന്താരാഷ്ട്ര കരിയരിനോട് വിടപറഞ്ഞിരുന്നു. മെഗാ ലേലത്തിന് മുൻപായി താരങ്ങളെ നിലനിർത്താൻ ലഭിക്കുന്ന ചുരുക്കം ചില സ്ലോട്ടുകളാണെന്നതിനാൽ ഇവിടെയാണ് ചെന്നൈ ഫ്രാഞ്ചൈസി വിഷമത്തിലാകുന്നത്. അതേസമയം അഞ്ച് തവണ ചാംപ്യൻമാരാക്കിയ താരത്തെ വിടാനും മടി. ഈ സങ്കടം പരിഹരിക്കാൻ അൺക്യാപ്പ്ഡ് വിഭാഗം തിരികെ കൊണ്ടുവരാനാണ് ചെന്നൈ ആവശ്യപ്പെടുന്നത്.
നേരത്തെ വിരമിച്ച് അഞ്ച് വർഷമായ താരത്തെ അൺക്യാപ്പ്ഡ് കാറ്റഗറിയിൽ ടീമിൽ നിലനിർത്താമായിരുന്നു. 2021 മുതൽ ഇത് പിൻവലിച്ചു. ധോണിയെ ഒരു 'അൺക്യാപ്പ്ഡ്' കളിക്കാരനായി നിലനിർത്താനും മറ്റൊരു താരത്തെ 'ക്യാപ്പ്ഡ്' പ്ലെയർ വിഭാഗത്തിലും നിലനിർത്താനുമുള്ള സാധ്യതയാണ് ചെന്നൈ ആരായുന്നത്.