sanju-dravid

രാജസ്ഥാന്‍ റോയല്‍സിലേക്ക് രാഹുല്‍ ദ്രാവിഡ് തിരികെയെത്തുന്നു. ടീമിന്റെ മുഖ്യ പരിശീലകനായാണ് 2025 ഐപിഎല്‍ സീസണില്‍ ദ്രാവിഡ് രാജസ്ഥാന്റെ ഭാഗമാവുന്നത് എന്ന് ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ട്വന്റി20 ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരുന്നു. 

ദ്രാവിഡും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. താര ലേലത്തിന് മുന്‍പ് ഏതെല്ലാം താരങ്ങളെ ടീമില്‍ നിലനിര്‍ത്തണം എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഫ്രാഞ്ചൈസിയില്‍ ദ്രാവിഡ് തുടക്കമിട്ടു. രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണും തമ്മില്‍ ഏറെ നാളത്തെ ബന്ധമാണ് ദ്രാവിഡിനുള്ളത്. 

2012, 2013 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. 2014, 2015 സീസണില്‍ ടീം മെന്ററും ഡയറക്ടറും. 2016ല്‍ ദ്രാവിഡ് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. 2019ല്‍ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്തേക്ക് എത്തുന്നത് വരെ ഇവിടെ തുടര്‍ന്നു. 2021ലാണ് ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവുന്നത്. 

ഇന്ത്യന്‍ മുന്‍ ബാറ്റര്‍ വിക്രം റാത്തോറിനെ രാജസ്ഥാന്‍ റോയല്‍സ് അസിസ്റ്റന്‍റ് കോച്ചാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019ല്‍ റാത്തോര്‍ ഇന്ത്യയുടെ ബാറ്റിങ് കോച്ചാവുന്നതിന് മുന്‍പ് ദ്രാവിഡിനൊപ്പം എന്‍സിഎയില്‍ പ്രവര്‍ത്തിച്ചിരുന്നു. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാവുന്നതോടെ കുമാര്‍ സംഗക്കാരയുടെ റോള്‍ എന്താകുമെന്നും ചോദ്യം ഉയര്‍ന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസിയുടെ മറ്റ് ടീമുകളായ പാര്‍ല്‍ റോയല്‍സ്, ബാര്‍ബഡോസ് റോയല്‍സ് എന്നീ ടീമുകളുടെ ചുമതല സംഗക്കാരക്കായിരിക്കും. 

2008 ഐപിഎല്‍ സീസണില്‍ കിരീടം തൊട്ടതിന് ശേഷം ആ നേട്ടം ആവര്‍ത്തിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിട്ടില്ല. 2022 സീസണില്‍ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു അതിന് ശേഷമുള്ള മികച്ച പ്രകടനം. ഗുജറാത്ത് ടൈറ്റന്‍സ് ആണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 2023 സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ തോറ്റ് പുറത്തായി. 

ENGLISH SUMMARY:

Rahul Dravid returns to Rajasthan Royals. Dravid will be part of Rajasthan for the 2025 IPL season as the head coach of the team.