ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ഏതെല്ലാം താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അതിനിടയില്‍ ഋഷഭ് പന്തില്‍ നിന്ന് വന്നൊരു ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താര ലേലത്തില്‍ തന്റെ പേര് വന്നാല്‍ എന്താവും സ്ഥിതി എന്നാണ് ഋഷഭ് പന്ത് ആരാധകരോട് ചോദിക്കുന്നത്.
ഞാന്‍ താര ലേലത്തില്‍ വന്നാല്‍ എന്നെ വാങ്ങാന്‍ ആളുണ്ടാവുമോ ഇല്ലയോ? എത്ര വില ലഭിക്കും? ഋഷഭ് പന്ത് എക്സില്‍ കുറിച്ചു. തങ്ങളുടെ സ്റ്റാര്‍ പ്ലേയറായ ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ നിലനിര്‍ത്തും എന്നുറപ്പാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് 18 കോടിക്ക് ടീമില്‍ നിലനിര്‍ത്തുന്ന താരം പന്തായിരിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.
ടീമില്‍ നിലനിര്‍ത്താതെ ഐപിഎല്‍ താര ലേലത്തിലേക്ക് പന്തിന്റെ പേര് എത്തിയാല്‍ ഫ്രാഞ്ചൈസികളെല്ലാം പന്തിനെ സ്വന്തമാക്കാന്‍ ഇറങ്ങുമെന്ന് ഉറപ്പാണ്. കാര്‍ അപകടത്ത തുടര്‍ന്ന് 2023ലെ ഐപിഎല്‍ സീസണ്‍ നഷ്ടമായതിന് ശേഷം കഴിഞ്ഞ സീസണില്‍ ഫിറ്റ്നസ് വീണ്ടെടുത്ത് പന്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയായിരുന്നു.
2016ലാണ് ഋഷഭ് പന്ത് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. 111 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് നേടിയത് 3284 റണ്‍സ്. 128 ആണ് ഉയര്‍ന്ന സ്കോര്‍. 2024ലെ ഐപിഎല്‍ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 446 റണ്‍സ് ആണ് പന്ത് സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 40.55.