ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ 23 കോടി രൂപ നല്‍കി ടീമില്‍ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്. പാറ്റ് കമിന്‍സ്, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് എന്നിവരേയും സണ്‍റൈസേഴ്സ് ഹൈദരാബാദ് താര ലേലത്തിന് മുന്‍പ് നിലനിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഹൈദരാബാദിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
23 കോടിക്ക് ക്ലാസന്‍, 18 കോടി രൂപയ്ക്ക് പാറ്റ് കമിന്‍സ്, 14 കോടി രൂപയ്ക്ക് അഭിഷേക് ശര്‍മ, 11 കോടി രൂപയ്ക്ക് ട്രാവിസ് ഹെഡ് എന്നിങ്ങനെയാണ് ഹൈദരബാദ് നിലനിര്‍ത്തുന്ന താരങ്ങളുടെ പ്രതിഫലം. ആര്‍ടിഎം കാര്‍ഡ് ഹൈദരാബാദ് ഉപയോഗിക്കുന്നത് നിതിഷ് കുമാര്‍ റെഡ്ഡിക്കും മര്‍ക്രമിനും വേണ്ടി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 479 റണ്‍സ് ആണ് ക്ലാസന്‍ സ്കോര്‍ ചെയ്തത്. സ്ട്രൈക്ക്റേറ്റ് 171. 567 റണ്‍സോടെ കഴിഞ്ഞ സീസണില്‍ ഹെഡ് ആയിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ടോപ് സ്കോററായത്. 484 റണ്‍സ് ആണ് അഭിഷേക് സ്കോര്‍ ചെയ്തത്. ഹെഡ്ഡും ക്ലാസനും അഭിഷേകും കത്തിക്കയറിയതോടെ ഐപിഎല്ലിലെ ഏറ്റവും വലിയ ടോട്ടലായ 287ലേക്ക് ഹൈദരാബാദ് എത്തിയിരുന്നു. ബാംഗ്ലൂരിന് എതിരെയായിരുന്നു ഇത്. മുംബൈക്ക് എതിരെ 277 റണ്‍സും ഹൈദരാബാദ് അടിച്ചെടുത്തിരുന്നു.
ഒക്ടോബര്‍ 30നാണ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നല്‍കേണ്ട അവസാന ദിനം. ആറ് കളിക്കാരെയാണ് ഓരോ ഫ്രാഞ്ചൈസികള്‍ക്കും നിലനിര്‍ത്താനാവുക. ഇതില്‍ ഒരു അണ്‍ക്യാപ്പ്ഡ് താരവും ഉള്‍പ്പെടുന്നു. 120 കോടി രൂപയാണ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായും താര ലേലത്തില്‍ കളിക്കാരെ സ്വന്തമാക്കാനായും ഫ്രാഞ്ചൈസികളുടെ പക്കലുള്ളത്.