18 കോടി രൂപയ്ക്ക് തന്നെ ടീമില്‍ നിലനിര്‍ത്താനുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നീക്കത്തില്‍ ഋഷഭ് പന്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. 18 കോടി രൂപയ്ക്ക് മുകളില്‍ പ്രതിഫലം ലഭിക്കേണ്ടതുണ്ടെന്ന നിലപാട് ഋഷഭ് പന്ത് ഫ്രാഞ്ചൈസിയെ അറിയിച്ചതായാണ് സൂചന. ഋഷഭ് പന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തും എന്ന അഭ്യൂഹങ്ങള്‍ ഇതോടെ ശക്തമായി കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പന്തിനെ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.
ഈ മാസം ആദ്യം ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമകളായ പാര്‍ഥ് ജിന്‍ഡാളിനേയും കിരണ്‍ കുമാര്‍ ഗ്രാന്‍ധിയേയും കണ്ട് പന്ത് തന്റെ പ്രതിഫലത്തിലെ അതൃപ്തി അറിയിച്ചു. കാര്‍ അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ ഋഷഭ് പന്ത് 15 മാസത്തിന് ശേഷം കഴിഞ്ഞ സീസണിലാണ് തിരിച്ചെത്തിയത്. സീസണില്‍ 40.54 എന്ന ബാറ്റിങ് ശരാശരിയില്‍ സ്കോര്‍ ചെയ്തത് 446 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 155.40. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതല്ലെന്ന വിലയിരുത്തല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിക്കുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പന്തിനെ പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ഫ്രാഞ്ചൈസിക്കുള്ളില്‍ ഉയര്‍ന്നതായും സൂചനയുണ്ട്. പന്തിനായി കൂടുതല്‍ പണം മുടക്കാനും ഫ്രാഞ്ചൈസി തയ്യാറല്ല.
ഈ മാസം ആദ്യം, താര ലേലത്തില്‍ തന്റെ പേര് വന്നാല്‍ എത്ര രൂപ വില വരും എന്ന ചോദ്യവുമായി ഋഷഭ് പന്ത് എത്തിയിരുന്നു. 'എന്റെ പേര് താര ലേലത്തില്‍ വന്നാല്‍, എന്നെ വാങ്ങാന്‍ ആളുണ്ടാവുമോ ഇല്ലയോ? എത്ര രൂപയ്ക്ക് എന്നായിരുന്നു പന്ത് ട്വീറ്റ് ചെയ്തത്. ഒക്ടോബര്‍ 31 ആണ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ പ്രഖ്യാപിക്കേണ്ട അവസാന ദിവസം.
ആര്‍സിബിയെ കൂടാതെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും പഞ്ചാബ് കിങ്സും പന്തിനെ ലക്ഷ്യം വയ്ക്കുന്നുണ്ട്. 111 ഐപിഎല്‍ മത്സരങ്ങളാണ് പന്ത് ഇതുവരെ കളിച്ചത്. നേടിയത് 3284 റണ്‍സും. 128 റണ്‍സ് ആണ് പന്തിന്റെ ഐപിഎല്‍ കരിയറിലെ ഉയര്‍ന്ന സ്കോര്‍. സ്ട്രൈക്ക്റേറ്റ് 148.