2024ലെ ഐപിഎല്‍ സീസണില്‍ എം.എസ്.ധോണിയുടെ ബാറ്റിങ് പൊസിഷന്‍ ഏറെ ചര്‍ച്ചയായിരുന്നു. 8ാം സ്ഥാനത്ത് വരെ ഇറങ്ങി കളിച്ച ധോണി രണ്ട് ഓവര്‍ മാത്രമായി ബാറ്റ് ചെയ്യാന്‍ വരുന്നത് ടീമിന് ബാധ്യതയാണ് എന്ന നിലയിലും പ്രതികരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ പല മത്സരങ്ങളിലും ഫിനിഷിങ്ങിലെ പഴയ മഹി മിന്നിമാഞ്ഞുപോയി. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി വന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് ധോണി. 

'എന്റെ ചിന്തകള്‍ വളരെ ലളിതമാണ്. മുകളില്‍ ബാറ്റ് ചെയ്യുന്നവര്‍ നന്നായി കളിക്കുന്നുണ്ട് എങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് വരുന്നത്. കഴിഞ്ഞ സീസണ്‍ മാത്രമെടുത്താണ് നിങ്ങള്‍ സംസാരിക്കുന്നത് എങ്കില്‍, ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ പോകുന്ന സമയമായിരുന്നു. ലോകകപ്പ് കളിക്കാന്‍ ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കളിക്കാര്‍ക്ക് അവസരം നല്‍കുകയാണ് ഞങ്ങള്‍ ചെയ്തത്, ധോണി പറയുന്നു. 

ഞങ്ങളുടെ ടീമില്‍ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിലെ സ്ഥാനം അവര്‍ക്ക് ഉറപ്പിക്കുന്നതിനായി അവസരം നല്‍കേണ്ടിയിരുന്നു. എന്നെ സംബന്ധിച്ച് ഇതൊന്നുമില്ല, സെലക്ഷനും മറ്റ് കാര്യങ്ങളും. അതുകൊണ്ട് തന്നെ ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങി കളിക്കുന്നതില്‍ പ്രശ്നമില്ല. എന്റെ പ്രകടനത്തില്‍ ടീം സന്തുഷ്ടരാണ്, ധോണി വ്യക്തമാക്കുന്നു. 

ഐപിഎല്ലില്‍ അടുത്ത സീസണിലും കളിക്കാന്‍ ഉണ്ടാവും എന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം ധോണിയുടെ പ്രതികരണം വന്നത്. എനിക്ക് കളിക്കാന്‍ സാധിക്കുന്ന അവസാന ഏതാനും വര്‍ഷങ്ങള്‍ ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റ് പോലെ പ്രൊഫഷണല്‍ സ്പോര്‍ട്സ് കളിക്കുമ്പോള്‍ അത് ആസ്വദിച്ച് കളിക്കാനാവുക എന്നത് എളുപ്പമല്ല. വൈകാരികത എല്ലായ്പ്പോഴും ഉണ്ടാവും. അടുത്ത ഏതാനും വര്‍ഷം കളിക്കുന്നത് ആസ്വദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ധോണി പറയുന്നു.

ENGLISH SUMMARY:

MS Dhoni's batting position in the 2024 IPL season was much debated. Dhoni, who came to bat for only two overs, and there were reactions that it was a liability for the team.