മെഗാ താര ലേലത്തിന് മുന്‍പ് ഏതെല്ലാം കളിക്കാരെ ടീമില്‍ നിലനിര്‍ത്തും എന്ന് ഫ്രാഞ്ചൈസികള്‍ അറിയിക്കേണ്ട അവസാന ദിനം ഒക്ടോബര്‍ 31 ആണ്. ഏതെല്ലാം കളിക്കാരെ നിലനിര്‍ത്തും ആരെയെല്ലാം റിലീസ് ചെയ്യും എന്ന കണക്കു കൂട്ടലില്‍ ആരാധകരും നില്‍ക്കുന്ന സമയം ചെന്നൈ സൂപ്പര്‍ കിങ്സില്‍ നിന്ന് വന്ന ട്വീറ്റും ചര്‍ച്ചയാവുന്നു. ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ ആരെല്ലാം എന്ന് ഇമോജികളിലൂടെ ചെന്നൈ പങ്കുവയ്ക്കുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
നിങ്ങള്‍ അന്വേഷിക്കുന്നവര്‍ നിങ്ങളെ അന്വേഷിക്കുന്നു എന്ന കുറിപ്പോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ട്വീറ്റ്. ടീമില്‍ നിലനിര്‍ത്തുന്ന അഞ്ച് കളിക്കാര്‍ ആരെല്ലാം എന്ന് ഇമോജികള്‍ നോക്കി മനസിലാക്കാന്‍ ശ്രമിക്കുകയാണ് ആരാധകര്‍. ധോണിയേയും രവീന്ദ്ര ജഡേജയേയും ടീം നിലനിര്‍ത്തുന്നു എന്ന ഇമോജികളില്‍ നിന്ന് വ്യക്തമാണ്. ഋതുരാജ് ഗയ്ക്വാദിന്റെ പേരും ആരാധകര്‍ ഉറപ്പിച്ച് കഴിഞ്ഞു.
പിന്നെ വരുന്ന രണ്ട് പേരുകളിലാണ് ആരാധകര്‍ക്ക് ആശയക്കുഴപ്പം. മതീഷ പതിരാണ, രചിന്‍ രവീന്ദ്ര, ശിവം ദുബെ, കോണ്‍വേ എന്നിവരുടെ പേരുകളാണ് ആരാധകര്‍ പറയുന്നത്. ധോണിയെ അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിച്ചേക്കും എന്നാണ് സൂചന. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം പിന്നിട്ട കളിക്കാരെ അണ്‍ക്യാപ്പ്ഡ് താരമായി പരിഗണിക്കാം എന്ന ചട്ടം ഈ സീസണില്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തിരികെ കൊണ്ടുവന്നിരുന്നു. അണ്‍ക്യാപ്പ്ഡ് താരമായി ധോണിയെ പരിഗണിച്ചാല്‍ പ്രതിഫലം നാല് കോടി രൂപയാവും.