2024 ഇന്ത്യന്‍ ക്രിക്കറ്റിന് അവിസ്മരണീയമായ വര്‍ഷമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ആരംഭിച്ച വര്‍ഷത്തില്‍ ട്വന്‍റി20 ലോകകപ്പും ഇന്ത്യ നേടി. ഐപിഎല്ലിന് തൊട്ടുമുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്സ് നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ധോണിയുടെ പേര് സജീവ ചര്‍ച്ചയായി. പക്ഷേ 2024 ല്‍ ഇന്ത്യ തിരഞ്ഞ ക്രിക്കറ്റര്‍ 'തല' ധോണിയോ, വിരാട് കോലിയോ, രോഹിത് ശര്‍മയോ അല്ല. ഹര്‍ദിക് പാണ്ഡ്യയാണ് ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റര്‍. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ രണ്ടാമത്തെ പേരും ഹര്‍ദികിന്‍റേതാണ്. ട്വന്‍റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഓവര്‍ എറിഞ്ഞ ഹര്‍ദിക് കളിക്കളത്തിലും പുറത്തും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന വര്‍ഷമാണ് 2024.
ഐപിഎല്ലില്‍ രോഹിതിന് പകരം മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ഹര്‍ദികിന് നേരിടേണ്ടി വന്നത്. പങ്കാളിയായിരുന്ന നതാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനവും വാര്‍ത്തകളില്‍ നിറഞ്ഞു. പിന്നാലെ ഗോസിപ് കോളങ്ങളിലും പേര് ഇടംപിടിച്ചു.
രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയിലും വിരാട് കോലിയുടെ മടങ്ങിവരവും കണ്ട വര്‍ഷമായിരുന്നു 2024. ഹര്‍ദിക് കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശശാങ്ക് സിങാണ്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് വലങ്കയ്യന്‍ ബാറ്ററുടെ ജനപ്രീതി കുത്തനെ കൂട്ടിയത്. മെഗാ താരലേലത്തില്‍ 4 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് ശശാങ്കിനെ നിലനിര്‍ത്തുകയും ചെയ്തു.
രാജ്യത്തേറ്റവും അധികം ആളുകള്‍ തിരഞ്ഞത് ഒളിംപ്യന്‍ വിനേഷ് ഫൊഗാട്ടിനെയാണ്. അനുവദനീയമായതിലും 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതിനാടകീയമായാണ് വിനേഷ് ഫൊഗട്ട് പാരിസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വിനേഷ് രാഷ്ട്രീയത്തിലും തുടക്കം കുറിച്ചു. ആന്ധ്ര തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്ത പവന്‍ കല്യാണാണ് തിരച്ചില്‍ പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍. ക്രിക്കറ്റര്‍ അഭിഷേക് ശര്‍മയും ഗൂഗിളിലെ തിരച്ചില്‍ പട്ടികയിലുണ്ട്. വ്യാജ മരണവാര്‍ത്ത സ്വയം പുറത്തുവിട്ട പൂനം പാണ്ഡെ, അംബാനിക്കുടുംബത്തിലേക്ക് മരുമകളായെത്തിയ രാധിക മര്‍ച്ചന്‍റ്, ബാഡ്മിന്‍റണ്‍ താരം ലക്ഷ്യ സെന്‍ എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവര്‍.