75 കോടി രൂപയ്ക്കുള്ളില്‍ വെച്ചാണ് രോഹിത് ശര്‍മ, ബുമ്ര, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെ എങ്ങനെ മുംബൈ ഇന്ത്യന്‍സ് താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തിയത്. അഞ്ച് താരങ്ങളെ ടീമില്‍ നിലനിര്‍ത്തുന്നതിന് ഇത്രയും തുക ചിലവാക്കിയ മുംബൈ നീക്കം പിഴച്ചോ? മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് തിരികെ എത്തിയ ജയവര്‍ധനെ രോഹിത്, ബുമ്ര, ഹര്‍ദിക്, സൂര്യകുമാര്‍ എന്നിവര്‍ക്ക് തുല്യമായ തുക വീതം നല്‍കാനാണ് ചിന്തിച്ചിരുന്നതെന്നാണ് ഇഎസ്പിന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
75 കോടി രൂപയാണ് കളിക്കാരെ നിലനിര്‍ത്തുന്നതിനായി മുംബൈ ഇന്ത്യന്‍സ് ചിലവാക്കിയത്. താര ലേലത്തിലേക്കായി ഇനി മുംബൈയുടെ കയ്യിലുള്ളത് 45 കോടി രൂപയും. റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ഒരു അണ്‍ക്യാപ്പ്ഡ് താരത്തേയും മുംബൈക്ക് ഇനി സ്വന്തമാക്കാം. കളിക്കാരെ നിലനിര്‍ത്തുന്നതില്‍ ഏറ്റവും കുറവ് തുക ചിലവാക്കിയ രണ്ടാമത്തെ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഏറ്റവും കുറവ് തുക കളിക്കാരെ നിലനിര്‍ത്താനായി ചിലവാക്കിയത്. 37 കോടി രൂപ.
മുംബൈ റഡാറിലുള്ളവര്‍ ഇവര്‍
45 കോടി രൂപ മാത്രമാണ് ഇനി മുംബൈയുടെ കയ്യില്‍ താര ലേലത്തില്‍ ഉപയോഗിക്കാന്‍ ഉള്ളത് എന്നതിനാല്‍ ഏതെല്ലാം വമ്പന്മാരെ മുംബൈ ലക്ഷ്യമിടുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. ഇന്ത്യന്‍ താരങ്ങള്‍ മാത്രമുള്ള ബാറ്റിങ് ലൈനപ്പും വിദേശ ബോളര്‍മാര്‍ കൂടുതലായുള്ള ബോളിങ് ലൈനപ്പുമായിരിക്കാം മുംബൈ ഇന്ത്യന്‍സിന്റേതെന്ന് മുന്‍ താരം ആകാശ് ചോപ്ര പറയുന്നു. ചഹലിനും വാഷിങ്ടണ്‍ സുന്ദറിനും വേണ്ടി താര ലേലത്തില്‍ മുംബൈ ഇറങ്ങിയേക്കുമെന്നാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍.
ഇഷാന്‍ കിഷനെ തിരികെ ടീമിലേക്ക് കൊണ്ടുവരാന്‍ മുംബൈ താര ലേലത്തിലൂടെ ശ്രമിച്ചേക്കും. 2022ലെ താര ലേലത്തില്‍ 15.25 കോടി രൂപയ്ക്കാണ് മുംബൈ ഇഷാനെ ലേലത്തില്‍ വാങ്ങിയത്. അണ്‍ക്യാപ്പ്ഡ് താരത്തിനായുള്ള റൈറ്റ് ടു മാച്ച് കാര്‍ഡ് മധ്യനിര ബാറ്റര്‍ നെഹാലിന് വേണ്ടിയും മുംബൈ ഉപയോഗിച്ചേക്കും.
സൂര്യക്ക് ക്യാപ്റ്റന്‍സി വാക്ക് നല്‍കാനാവില്ലെന്ന് മുംബൈ
കളിക്കാരെ നിലനിര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ടീം ഉടമ ആകാശ് അംബാനി ഉള്‍പ്പെടെയുള്ള മുംബൈ ടീം മാനേജ്മെന്റ് കളിക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ കഴിഞ്ഞ സീസണില്‍ എവിടെയെല്ലാമാണ് പിഴച്ചത് എന്നതിലെല്ലാം ചര്‍ച്ച നടന്നു. ടീമിലെ തന്റെ ഭാവി എന്തായിരിക്കും എന്ന ചോദ്യം സൂര്യകുമാര്‍ യാദവ് ഉന്നയിച്ചതായാണ് വിവരം. ഇന്ത്യന്‍ ടീമിന്റെ ട്വന്റി20 ക്യാപ്റ്റന്‍സി സൂര്യകുമാര്‍ യാദവിലേക്ക് എത്തി നില്‍ക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയും സൂര്യയുടെ മുന്‍പിലുണ്ട്. എന്നാല്‍ ഹര്‍ദിക് ക്യാപ്റ്റന്‍സിയില്‍ തുടരും എന്ന തീരുമാനമാണ് സൂര്യയെ ടീം മാനേജ്മെന്റ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ക്യാപ്റ്റന്‍സി സംബന്ധിച്ച് വാക്ക് നല്‍കാന്‍ തങ്ങള്‍ക്കാവില്ലെന്ന് സൂര്യകുമാറിനെ മുംബൈ അറിയിച്ചെങ്കിലും മുംബൈക്കൊപ്പം തുടരാന്‍ തന്നെയാണ് താത്പര്യം എന്ന തീരുമാനത്തിലേക്ക് സൂര്യ എത്തുകയായിരുന്നു. ട്വന്റി20യില്‍ നിന്ന് വിരമിച്ച സാഹചര്യത്തില്‍ നാലാമത്തെ റീറ്റെന്‍ഷന്‍ ഓപ്ഷനായി തന്നെ പരിഗണിച്ചാല്‍ മതിയെന്ന് രോഹിത് ശര്‍മ അറിയിച്ചു. ബുമ്രയ്ക്കും സൂര്യകുമാറിനും ഹര്‍ദിക്കിനും ശേഷമാണ് രോഹിത്തിന്റെ പേര് വന്നത്.