ഐപിഎല്‍ മെഗാ ലേലത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിങ് ആക്ഷന്‍ വിവാദത്തിലായതിന് പിന്നാലെയാണ് നീക്കം. ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരമായിരുന്ന ഹൂഡ ഇക്കുറി േലലത്തിനുണ്ടായിരുന്നു. ബിസിസിഐയുടെ സംശയപ്പട്ടികയിലാണ് ഇപ്പോള്‍ ഹൂഡ. സൗരഭ് ദുബെ, കെ.സി.കരിപ്പ എന്നിവരുടെ ബോളിങ് ആക്ഷനും സംശയപ്പട്ടികയിലുണ്ട്. മനീഷ് പാണ്ഡെ, ശ്രീജിത് കൃഷ്ണന്‍ എന്നിവരെ നേരത്തെ വിലക്കിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ ഹൂഡ 145 റണ്‍സ് മാത്രമാണ് നേടിയത്. വിക്കറ്റൊന്നുമില്ല. ഇന്ത്യയ്ക്കുവേണ്ടി 10 ഏകദിനങ്ങള്‍ കളിച്ച ഹൂഡ 153 റണ്‍സാണ് നേടിയത്. രാജ്യാന്തര ട്വന്‍റി 20യില്‍ 21 കളികളില്‍ നിന്നായി ഒരു സെഞ്ചറിയടക്കം 368 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. 2023 ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരെ കളിച്ച ട്വന്‍റി20 മല്‍സരമാണ് ഹൂഡയുടെ അവസാന രാജ്യാന്തര മല്‍സരം.
നാളെയും മറ്റന്നാളും സൗദിയിലെ ജിദ്ദയിലാണ് ഐപിഎല്‍ മെഗാലേലം. 366 ഇന്ത്യന്‍ താരങ്ങളും 208 വിദേശ താരങ്ങളുമടക്കം 574 കളിക്കാരെയാണ് ബിസിസിഐ മെഗാലേലത്തിനായി തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പട്ടികയിലില്ല. 42 കാരനായ ജെയിംസ് ആൻഡേഴ്സൺ ഇടം പിടിച്ചു. ഐപിഎല്ലില്‍ കളിക്കുന്ന 10 ടീമുകൾക്ക് ആകെ 204 താരങ്ങളുടെ ഒഴിവുണ്ട്. അതിൽ 70 വിദേശ താരങ്ങളാണ്. ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി എന്നിവർ മാർക്വീ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇത്തവണ രണ്ട് മാര്‍ക്വീ വിഭാഗങ്ങളുണ്ട്. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഒന്നാംപട്ടികയിലും രാഹുല്‍, ഷമി തുടങ്ങിയവര്‍ രണ്ടാം പട്ടികയിലുമാണ്. 2 കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വില. 81 കളിക്കാർക്ക് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ട്. ജോസ് ബട്ട്‌ലർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കഗിസോ റബാഡ, അർഷ്ദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക് എന്നിവരടങ്ങുന്നതാണ് ആദ്യ വിഭാഗം. യുസ്‍വേന്ദ്ര ചഹൽ, ലിയാം ലിവിംഗ്‌സ്റ്റൺ, ഡേവിഡ് മില്ലർ, കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്നതാണ് രണ്ടാം വിഭാഗത്തിലെ മാര്‍ക്വീ താരങ്ങള്‍. മാര്‍ക്വീ താരങ്ങളില്‍ ഡേവിഡ് മില്ലറിന് മാത്രമാണ് 1.50 കോടി രൂപ അടിസ്ഥാന വിലയുള്ളത്.