ഫോട്ടോ: എഎഫ്പി

ഐപിഎല്‍ താര ലേലത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ 467.95 കോടി രൂപയാണ് ഫ്രാഞ്ചൈസികള്‍ 72 താരങ്ങള്‍ക്കായി വാരിയെറിഞ്ഞത്. ഋഷഭ് പന്തും ശ്രേയസ് അയ്യരുമെല്ലാം പണം വാരിക്കൂട്ടുന്നതിന് ഇടയില്‍ ജമ്മു കശ്മീരില്‍ നിന്നൊരു താരത്തിന് വേണ്ടിയും ലേലത്തില്‍ ശക്തമായ പോരുയര്‍ന്നു. ജമ്മു കശ്മീര്‍ സ്പീഡ്സ്റ്റാര്‍ റാസിഖ് സലാം. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് റാസിഖിനെ സ്വന്തമാക്കിയത്. താര ലേലത്തിന്റെ ആദ്യ ദിനം അണ്‍ക്യാപ്പ്ഡ് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയ കളിക്കാരനാണ് റാസിഖ്.

അണ്‍ക്യാപ്പ്ഡ് താരമായ റാസിഖിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു. ആര്‍സിബിയും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് റാസിഖിനായി ആദ്യം ലേലത്തില്‍ ഇറങ്ങിയത്. പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ചു. എന്നാല്‍ റാസിഖിന്റെ വില ആറ് കോടിയിലേക്ക് എത്തിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പിന്മാറി. 

24കാരനായ റാസിഖിനെ 2019ലെ താര ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നു. ഐപിഎല്‍ കരാര്‍ ലഭിക്കുന്ന ജമ്മുകശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് റാസിഖ്. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കളിച്ചായിരുന്നു റാസിഖിന്റെ ഐപിഎല്ലിലെ അരങ്ങേറ്റം. മുംബൈക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഇവിടെ റാസിഖ് തന്റെ പേരില്‍ ചേര്‍ത്തിരുന്നു. റാസിഖിന്റെ 17ാം വയസിലായിരുന്നു ഇത്. പിന്നാലെ കൊല്‍ക്കത്താ നൈറ്റ്റൈഡേഴ്സിലേക്കാണ് റാസിഖ് പോയത്. 2024ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കും. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി 8 കളിയില്‍ നിന്ന് വീഴ്ത്തിയത് 9 വിക്കറ്റ്. 

ഇര്‍ഫാന്‍ പഠാന്‍ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് റാസിഖ്. 2018ല്‍ ജമ്മു കശ്മീര്‍ ഡൊമസ്റ്റിക് ടീമിന്റെ മെന്ററായി ഇര്‍ഫാന്‍ ചുമതലയേറ്റിരുന്നു. പേസില്‍ പിന്നോക്കം നില്‍ക്കുന്നെങ്കിലും കൃത്യതയിലും പന്ത് സ്വിങ് ചെയ്യിക്കുന്നതിലും റാസിഖിനുള്ള മികവ് ഇര്‍ഫാന്‍ തിരിച്ചറിഞ്ഞു.

ജമ്മുകശ്മീരില്‍ നിന്നുള്ള വലംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികവ് കാണിച്ചാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചത്. 2018ലായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റാസിഖിന്റെ അരങ്ങേറ്റം. 8 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. ലിസ്റ്റ് എയില്‍ 7 കളിയില്‍ നിന്ന് പിഴുതത് 12 വിക്കറ്റ്. 28 ട്വന്റി20 മത്സരങ്ങളാണ് റാഷിദ് ഇതുവരെ കളിച്ചത്. വീഴ്ത്തിയത് 35 വിക്കറ്റ്. 

ENGLISH SUMMARY:

Jammu and Kashmir pacer Rasikh Salam was bought by the Royal Challengers Bangalore for Rs 6 crore at the IPL 2025 mega auction