12 മലയാളി താരങ്ങളുടെ പേരാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തിയത്. എന്നാല്‍ അതില്‍ ഭാഗ്യം തുണച്ചത് മൂന്ന് പേരെ മാത്രം. സച്ചിന്‍ ബേബിക്കും വിഷ്ണു വിനോദിനും പിന്നാലെ ഐപിഎല്ലിലേക്ക് സര്‍പ്രൈസ് എന്‍ട്രി ആയി വിഘ്നേഷ് പുത്തൂര്‍. കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ വിഘ്നേഷ് പുത്തൂര്‍ എന്ന 23കാരന്റെ പേര് കേട്ടുതുടങ്ങിയിട്ട് അധികമായിട്ടില്ല. എന്നാല്‍ അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ ഇടംകയ്യന്‍ സ്പിന്നര്‍ ഇറങ്ങുമോയെന്ന കാത്തിരിപ്പിലാണ് നാട്.
അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്‍റേയും ബിന്ദുവിന്‍റേയും മകനാണ് വിഘ്നേഷ്. കേരളത്തിനായി അണ്ടര്‍ 14, 19 23 വിഭാഗങ്ങളില്‍ വിഘ്നേഷ് കളിച്ചിട്ടുണ്ട്. എന്നാല്‍ കേരള സീനിയര്‍ ടീമിലേക്ക് ഇതുവരെ വിഘ്നേഷിന് വിളിയെത്തിയിട്ടില്ല.
കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്‍റെ താരമായിരുന്നു വിഘ്നേഷ്. മുംബൈ ഇന്ത്യന്‍സ് നടത്തിയ ട്രയല്‍സില്‍ മികവ് കാണിച്ചതോടെയാണ് വിഘ്നേഷിനെ ലേലത്തില്‍ വാങ്ങാന്‍ മുംബൈ തയ്യാറായത്. ഇനി പെരിന്തല്‍മണ്ണക്കാരന്‍ രോഹിത്തിനും ബുമ്രയ്ക്കുമെല്ലാം ഒപ്പം കളിക്കാനിറങ്ങുന്നത് കാത്തിരിക്കുകയാണ് നാട്.