IPL മെഗാ താരലേലം പൂര്‍ത്തിയായപ്പോള്‍ എതിരാളികളെ വിറപ്പിക്കുന്ന ബോളിങ്ങ് നിരയായി മുംബൈ ഇന്ത്യന്‍സിന്റേത്. 4 കോടി 80 ലക്ഷം രൂപ ചെലവഴിച്ച് മുംബൈ സ്വന്തമാക്കിയ പതിനെട്ടുകാരന്‍ അഫ്ഗാന്‍ സ്പിന്നര്‍ അള്ളാ മുഹമ്മദ് ഗസന്‍ഫാറാണ് താരലേലത്തിലെ സര്‍പ്രൈസ്.
ജസ്പ്രീത് ബുംറ, ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍...മുംബൈ ഇന്ത്യന്‍സിന്റെ പേസ് ആക്രമണം എങ്ങനെ അതിജീവിക്കുമെന്ന കണക്കുകൂട്ടല്‍ എതിരാളികള്‍ ഇപ്പോഴെ തുടങ്ങിയിരിക്കണം.
ഭുവനേശ്വര്‍ കുമാറിനെ സ്വന്തമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ദീപക് ചഹറിനെ വാങ്ങാന്‍ ഉറച്ച് മുംബൈ ഇറങ്ങിത്തിരിച്ചത്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്നു ദീപക്കിനായി പഞ്ചാബ് കിങ്സും ചെന്നൈ സൂപ്പര്‍ കിങ്സും എത്തിയതോടെ ലേലംവിളി ഫോമിലായി. ഒടുക്കം ഒന്‍പതേകാല്‍ കോടി രൂപയ്ക്കാണ് ചഹര്‍ മുംൈബയിലേക്കെത്തുന്നത്. 2018ന് ശേഷമുള്ള കണക്കുനോക്കിയാല്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റുള്ള രണ്ട് ബോളര്‍മാരാണ് ചഹറും ബോള്‍ട്ടും.
റാഷിദ് ഖാന്റെ പിന്‍ഗാമിയെന്നാണ് കൗമാരതാരം അള്ളാ മുഹമ്മദ് ഗസന്‍ഫാറിന്റെ വിശേഷണം. കാരംബോള്‍ ഉള്‍പ്പടെ വജ്രായുധങ്ങള്‍ ഏറെ. ഇന്ത്യയുടെ മിസ്ട്രി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുമായി ബോളിങ് ആക്ഷണില്‍ ഗസന്‍ഫാറിന് സമാനതയുണ്ട്.താരലേലത്തില്‍ കൊല്‍ക്കത്തയും മുംൈബയും തമ്മിലായിരുന്നു ഗസന്‍ഫാറിനായി മല്‍സരിച്ചത്. 75 ലക്ഷത്തില്‍ നിന്ന് നാലുകോടി 80 ലക്ഷം രൂപയിലെത്തിയ ലേലംവിളിക്കൊടുവിലാണ് അള്ളാ മുംൈബയുടെ നീലജേഴ്സി അണിയുന്നത്.