ഐപിഎല്‍ 2025 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സിന്‍റെ ക്യാപ്റ്റനായി നിയമിതനായത് ഋഷഭ് പന്താണ്. 27 കോടി രൂപയ്ക്ക് ടീമിലെത്തിച്ച താരത്തെ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടീം ഉടമ സഞ്ജീവ് ഗോയങ്കെയാണ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. നേരത്തേ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായിരുന്ന പന്തിനെ 27 കോടി രൂപക്കാണ് ലഖ്നൗ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.
ക്യാപ്റ്റനായതിന് പിന്നാലെ തന്‍റെ ലക്ഷ്യങ്ങളെ പറ്റി പന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. നായകന്മാരില്‍ നിന്നും ടീമിലെ സീനിയര്‍ താരങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നാണ് പന്ത് വ്യക്തമാക്കിയത്. ഒരു കളിക്കാരനെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞാൻ പഠിച്ചത് രോഹിത് ശര്‍മയില്‍ നിന്നാണെന്നും പന്ത് പറയുന്നു.
ഞാന്‍ ടീമിന്‍റെ നായകനാകുമ്പോള്‍ എനിക്കും അങ്ങനെതന്നെയാണ് തോന്നുന്നതെന്നും പന്ത് വ്യക്തമാക്കി. നിങ്ങളൊരു താരത്തിന് ആത്മവിശ്വാസം നല്‍കുകയാണെങ്കില്‍ സങ്കൽപിക്കാൻ പോലും സാധിക്കാത്ത പ്രകടനം അവർ ടീമിന് വേണ്ടി നടത്തുമെന്നാണ് എന്നോടു രോഹിത് ഭായ് പറഞ്ഞിട്ടുള്ളത്, പന്ത് പറഞ്ഞു.
ഐപിഎല്‍ മെഗാ ലേലത്തില്‍ ഏറ്റവും വലിയ ലേലതുകയ്ക്കാണ് ഋഷഭ് പന്തിനെ ലഖ്നൗ സ്വന്തമാക്കിയത്. നേരത്തെ ലഖ്നൗ ക്യാപ്റ്റനായിരുന്ന കെ.എല്‍. രാഹുല്‍ ടീം വിട്ടതോടെയാണ് ലഖ്നൗ ഫ്രാഞ്ചൈസിക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. 2021,2022,2024 സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു പന്ത്.