ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയുടെ നായക സ്ഥാനവും കരിയറും സംബന്ധിച്ചായിരുന്നു ചര്‍ച്ച. പുതിയ ക്യാപ്റ്റന്‍ വരേണ്ടതിന്‍റെയും വിരമിക്കലിന്‍റെയും വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. കഴിഞ്ഞ ദിവസം നടന്ന ബിസിസിഐ യോഗത്തില്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ തന്‍റെ ഭാവി സംബന്ധിച്ച് ബിസിസിഐ ഉന്നതര്‍ക്കും സെലക്ടര്‍മാര്‍ക്കും മുന്നില്‍ രോഹിത് ശര്‍മ വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാനുള്ള ആഗ്രഹമാണ് രോഹിത് യോഗത്തില്‍ അറിയിച്ചത്. ഏതാനും മാസങ്ങൾകൂടി തൽസ്ഥാനത്തു തുടരാനാണ് രോഹിതിന്റെ ആഗ്രഹമെന്നാണ് ദൈനിക് ജാഗ്രണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസങ്ങളായി ഫോമില്ലാതെ വലയുന്ന രോഹിത് ശര്‍മ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുമെന്ന തീരുമാനം ബിസിസിഐയെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
താന്‍ ക്യാപ്റ്റനായി തുടരുന്ന ഘട്ടത്തില്‍ ടെസ്റ്റ്, ഏകദിന ടീമിന്‍റെ പുതിയ നായകനെ കണ്ടെത്താന്‍ രോഹിത് ശര്‍മ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. രോഹിതിന്‍റെ പിന്‍ഗാമിയായി ജസ്പ്രിത് ബുമ്രയ്ക്കാണ് സാധ്യത കൂടുതല്‍. എന്നാല്‍ ബിസിസിഐയില്‍ എല്ലാവരും ബുമ്രയെ മുഴുവന്‍ സമയ നായകനാക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. ജോലി ഭാരം കൂടുന്നതും പരിക്കേല്‍ക്കാനുള്ള സാധ്യതയുമാണ് ഈ തീരുമാനത്തിന് പിന്നില്‍. ബുമ്ര നായകനായാല്‍ സഹായത്തിനായി ഒത്ത ഒരു വൈസ് ക്യാപ്റ്റനെ സെലക്ടര്‍മാര്‍ പരിഗണിക്കാനും സാധ്യതയുണ്ട്.
ടെസ്റ്റിലും ഏകദിനത്തിലും വ്യത്യസ്ത ക്യാപ്റ്റന്‍ എന്ന രീതിയെ ബിസിസിഐ അനുകൂലിക്കുന്നില്ല. ട്വന്‍റി20 നായകന്‍ സൂര്യകുമാര്‍ യാദവിനെ ഏകദിന ക്യാപ്റ്റനാക്കുന്ന കാര്യം ആലോചനയില്‍ വന്നെങ്കിലും താരത്തിന് ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരം സ്ഥാനമില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. ബുമ്രയെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കുന്നതാണ് നിലവില്‍ സാധ്യതയില്‍ മുന്നിലുള്ളത്. ഒപ്പം റിഷഭ് പന്തിനെയോ, യശ്വസി ജയ്‍സ്വാളിനെയോ വൈസ് ക്യാപ്റ്റനായും ബിസിസിഐ പരിഗണിച്ചേക്കാം എന്നും റിപ്പോര്‍ട്ടിലുണ്ട്.