ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി. 2–1ന് ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാൾ, കൊൽക്കത്തയിൽ തകർത്തു കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. പി.വി. വിഷ്ണു (20–ാം മിനിറ്റ്), ഹിജാസി മെഹർ (72) എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ സ്കോറർമാർ. 84–ാം മിനിറ്റിൽ ഡാനിഷ് ഫറൂഖ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. 18 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11–ാമതാണ്.