നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മണ്ണിലേക്ക്, പതിനെട്ടാം സീസണിലെ ആദ്യ പോരാട്ടത്തിന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു എത്തുമ്പോഴും, ലക്ഷ്യം കന്നിക്കിരീടത്തിലേക്കുള്ള കിക്ക് സ്റ്റാര്‍ട്ട്. കോലിയും സംഘവും കൊല്‍ക്കത്തയുടെ സ്പിന്‍ കരുത്തിനെ ഭയക്കുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന കാലാവസ്ഥയാണ് ആരാധകരെ ഭയപ്പെടുത്തുന്നത്. മഴകാരണം അവസാന പരിശീലന സെഷന്‍ തടസപ്പെട്ടു. ഇന്നുരാത്രി 7.30നാണ് ഉദ്ഘാടന പോര്.
ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ ഇടവും വലവും നില്‍ക്കുന്നത് വിരാട് കോലിയും ഫില്‍ സോള്‍ട്ടും. RCB നിരയില്‍ സ്പിന്നര്‍മാര്‍ക്കെതിരെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള രജത്തിന്റെ പ്രകടനം ഈഡന്‍ ഗാര്‍ഡന്‍സിലെ സ്ലോ പിച്ചില്‍ നിര്‍ണായകമായകും. ലിയാം ലിവിങ്സ്റ്റന്‍, ടിം ഡേവിഡ്, ജേക്കബ് ബെഥല്‍, റൊമാരിയോ ഷെപ്പേഡ് തുടങ്ങി ബിഗ് ഹിറ്റേഴ്സ് ഒരുപാടുണ്ടെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരുടെ കുറവാണ് ഒരു പോരായ്മ. ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ലുംഗി എന്‍ഗിഡിയും അടങ്ങുന്ന പേസ് നിരയുടെ പ്രകടനം ആര്‍സിബിയുടെ വിധിപോലെയിരിക്കും.
താരലേലത്തില്‍ ആര്‍സിബിക്ക് വിട്ടുകൊടുക്കാതെ കോടികളെറിഞ്ഞ് സ്വന്തമാക്കിയ വെങ്കടേശ് അയ്യരാണ് കൊല്‍ക്കത്തയുടെ സ്റ്റാര്‍ പ്ലെയര്‍. 23 മുക്കാല്‍ കോടിയുടെ പ്രതീക്ഷയുമായി ഇറങ്ങുന്ന വെങ്കടേശിന്, അമിതഭാരമാകാതിരിക്കാന്‍ ക്യാപ്റ്റന്‍സി പോലും അജന്‍ക്യ രാഹനയ്ക്ക് കൈമാറി. ക്വിന്‍റന്‍ ഡി കോക്ക് – സുനില്‍ നരെയ്ന്‍ സഖ്യമാകും ഓപ്പണിങ്ങ്. റിങ്കു സിങ്, ഹര്‍ഷിത് റാണ, രമന്‍ദീപ് സിങ്, ആന്ദ്രേ റസല്‍ തുടങ്ങി കിരടീമുയര്‍ത്തിയ ടീമിലെ മിക്കവരും ഇക്കുറിയും കെകെആറിനൊപ്പമുണ്ട്. പിന്നെ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തിയെന്ന ബ്രഹ്മാസ്ത്രവും